NEWSROOM

ഫാറൂഖ് കോളേജ് വിദ്യാര്‍ഥികളുടെ അതിരുവിട്ട ഓണാഘോഷം; പത്ത് വാഹനങ്ങള്‍ കസ്റ്റഡിയില്‍

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികളുടെ അതിരുവിട്ട ഓണാഘോഷത്തില്‍ നടപടികളുമായി പൊലീസും മോട്ടോര്‍വാഹന വകുപ്പും. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച പത്ത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഫറോക്ക് പൊലീസാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഓണാഘോഷത്തിനിടെ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഗതാഗത നിയമങ്ങള്‍ ലംഘിച്ച് അപകടകരമായ രീതിയില്‍ റോഡിലൂടെ ഘോഷയാത്ര നടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിരുന്നു.

പിന്നാലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും.

വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നായിരുന്നു വിദ്യാര്‍ഥികളുടെ ഘോഷയാത്ര. ആഢംബര കാറുകളില്‍ ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു പ്രകടനം. നാട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കണ്ണൂരിലും സമാന സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. കാഞ്ഞിരോട് നെഹ്ര്‍ കോളേജിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. അപകടകരമായി വാഹനം ഓടിച്ച മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു.

ഇന്നലെ ഓണാഘോഷത്തിനിടെയായിരുന്നു മൂന്ന് വാഹനങ്ങളിലായി വിദ്യാര്‍ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. വാഹനത്തിന്റെ ബൊണറ്റിന് മുകളിലും ഡോറുകള്‍ക്ക് മുകളിലും ഇരുന്നുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാഹനങ്ങള്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ ഓടിച്ച മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മുഹമ്മദ് അഫ്‌നാന്‍, മുഹമ്മദ് റിഹാല്‍, മുഹമ്മദ് റസ്ലാന്‍ എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

SCROLL FOR NEXT