പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാനുള്ള യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനത്തെ പുകഴ്ത്തി ബരാക്ക് ഒബാമ. ബൈഡന്‍റെ രാജ്യ സ്‌നേഹത്തിന്‍റെ സാക്ഷ്യപത്രമാണിതെന്നാണ് ഒബാമ പറഞ്ഞത്. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ അവകാശങ്ങളും ബൈഡനുണ്ടായിരുന്നുവെന്നും മുന്‍ യുഎസ് പ്രസിഡന്‍റ് പ്രസ്താവനയില്‍ പറഞ്ഞു.
"അജ്ഞാതമായ ജലത്തിലൂടെയായിരിക്കും വരും നാളുകളില്‍ നമ്മള്‍ സഞ്ചരിക്കുക. പക്ഷെ പുതിയൊരു മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനായുള്ള നടപടിക്രമം രൂപീകരിക്കാന്‍ നമ്മുടെ പാര്‍ട്ടിക്ക് സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്", ഒബാമ പറഞ്ഞു.
ആഗോള തലത്തില്‍ അമേരിക്കന്‍ നിലപാട് പുനസ്ഥാപിച്ചു, നാറ്റോയെ പുനരുജ്ജീവിപ്പിച്ചു, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ ലോകത്തെ അണിനിരത്തി എന്നിങ്ങനെ ബൈഡന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ഒബാമയുടെ പ്രതികരണം.
ജൂലൈ 22നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍ പിന്‍മാറിയത്. പാര്‍ട്ടിയുടെയും രാജ്യത്തിൻ്റേയും താൽപര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് ബൈഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചശേഷമായിരുന്നു ബൈഡന്‍റെ പിന്മാറ്റം. എന്നാല്‍ ഇതില്‍ പാർട്ടി തീരുമാനം വ്യക്തമാക്കിയിട്ടില്ല.