NEWSROOM

ടെറ്റ്‌ലി ടീ മുതൽ ബിഗ് ബാസ്ക്കറ്റ് വരെ; ഇന്ത്യൻ മണ്ണിൽ മുളപൊട്ടി പടര്‍ന്ന രത്തൻ ടാറ്റയുടെ കോർപ്പറേറ്റ് വിജയഗാഥ

സ്വർണ ഹൃദയമുള്ള മനുഷ്യൻ എന്നറിയപ്പെട്ട രത്തൻ ടാറ്റയുടെ സംരഭങ്ങളോരോന്നും വിജയത്തിളക്കമുള്ളവയാണ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് രത്തന്‍ ടാറ്റ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവുന്നതല്ല. 1991ലാണ് രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആകുന്നത്. സാമ്പത്തിക ഉദാരവത്കരണ കാലത്ത് അദ്ദേഹം ടാറ്റ ഗ്രൂപ്പിനെയും പുതുവഴിയിലേക്ക് നയിച്ചു. രാജ്യാന്തര കമ്പനികളുടെ ഓഹരികള്‍ വാങ്ങിയും, ഏറ്റെടുത്തും രാജ്യത്തിനകത്തേക്കും പുറത്തേക്കുമൊക്കെ ടാറ്റയുടെ ബിസിനസ് വളര്‍ത്തി. അതിന്റെ നാള്‍വഴികളിലേക്ക്....

1991
ടാറ്റ ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയര്‍ ഔട്ട്‌സോഴ്‌സിംഗ് വിഭാഗമായി ടാറ്റ കൺസൾട്ടൻസി തുടക്കമിടുന്നു. ടെക്നോളജി ഓഹരികളില്‍ ആരും തന്നെ നിക്ഷേപത്തിന് തയ്യാറെടുക്കാതിരുന്ന കാലത്തിലായിരുന്നു അതിന്റ പിറവി. 2004ല്‍ പൊതുനിക്ഷേപത്തിനൊപ്പം, വിവര സാങ്കേതിക സേവനങ്ങളിലെ പ്രധാന കമ്പനിയായി അത് മാറി.

2000
ആഗോള തേയില ബ്രാൻഡായ ടെറ്റ്‌ലി ഗ്രൂപ്പിൻ്റെ 33 ശതമാനം ഓഹരി ടാറ്റ ടീ വാങ്ങി. 271 ദശലക്ഷം യൂറോയാണ് അതിനായി ചെലവിട്ടത്.

2004
ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിൻ്റെ ട്രക്ക് നിർമാണ വിഭാഗമായ ഡേവൂ കൊമേഴ്‌സ്യൽ വെഹിക്കിള്‍ വാങ്ങാന്‍ ടാറ്റ മോട്ടോഴ്സ് കരാര്‍ ഒപ്പിട്ടു. 465 കോടി രൂപയുടേതായിരുന്നു കരാര്‍.

2006
ടെലിവിഷൻ നെറ്റ്‌വർക്ക് വിതരണ രംഗത്തേക്കും ടാറ്റയുടെ എന്‍ട്രി. ടാറ്റ സ്‌കൈ ആരംഭിച്ചുകൊണ്ടായിരുന്നു ഡയറക്‌ട്-ടു-ഹോം (ഡിടിഎച്ച്) ടെലിവിഷൻ ബിസിനസിലേക്ക് എത്തിയത്.

2007
യുകെ ആസ്ഥാനമായുള്ള കോറസ് ഗ്രൂപ്പിനെ 11.3 ബില്യൺ ഡോളറിന് ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തു. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ സുപ്രധാനമായ ഏറ്റെടുക്കലായി അതിനെ വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍, മറ്റു സംരംഭങ്ങളെപ്പോലെ അത് അത്രത്തോളം വിജയമായില്ല.

2007
എയ്‌റോസ്‌പേസ്, ഡിഫൻസ് സൊല്യൂഷൻസ് ബിസിനസ് മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആരംഭിച്ചു. 2024ൽ 342 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയ കമ്പനി, C-130J സൂപ്പർ ഹെർക്കുലീസ് യുദ്ധവിമാനങ്ങളുടെ നിര്‍മാണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനായി അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുമായി കരാർ ഒപ്പിട്ടു.

2008
2.5 ബില്യൺ ഡോളറിന് ഫോർഡ് മോട്ടോഴ്‌സിൽ നിന്ന് ജാഗ്വാർ-ലാൻഡ് റോവർ (ജെഎൽആർ) ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തു.

2008
ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട പ്രോജക്‌ട് സഫലമാകുന്നു. ഒരു ലക്ഷം രൂപ മാത്രമുള്ള നാനോ കാര്‍ വിപണിയിലിറങ്ങി. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്നായിരുന്നു നാനോയുടെ വിശേഷണം. എന്നാല്‍ 2012നുശേഷം അതിന്റെ വില്‍പന ഇടിഞ്ഞു. 2018ല്‍ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു.

2009
ആഫ്രിക്കൻ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ ടെലികോം കമ്പനിയായ നിയോടെലിൻ്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ കമ്മ്യൂണിക്കേഷൻസ് ഏറ്റെടുത്തു.

2011
ഇന്ത്യൻ ഹോട്ടൽ ശൃംഖല താജ് ഹോട്ടൽസ് റിസോർട്ട്‌സ് ആൻഡ് പാലസസിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സ്വന്തമാക്കി.

2012
കനേഡിയന്‍ കമ്പനിയായ അസിലര്‍ മിട്ടലിന്റെ 26 ശതമാനം ഓഹരി ടാറ്റ സ്റ്റീല്‍ സ്വന്തമാക്കി.

2012
സ്റ്റാർബക്സ് ടാറ്റ ഗ്രൂപ്പുമായി 50:50 സംയുക്ത സംരംഭത്തിന് തുടക്കമിട്ടു. 11 വര്‍ഷംകൊണ്ട് വരുമാനം 1000 കോടിയിലെത്തി. 2028 ആകുമ്പോഴേക്കും ഇന്ത്യയിലെങ്ങും ആയിരം സ്റ്റോറുകള്‍ കൂടി തുറക്കുകയാണ് ലക്ഷ്യം.

2021
ഓൺലൈൻ പലചരക്കു വിൽപ്പന കമ്പനിയായ ബിഗ്ബാസ്ക്കറ്റിൻ്റെ 64 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പ് വാങ്ങി. ആമസോൺ, വാൾമാർട്ട്, ഫ്ലിപ്പ് കാർട്ട്, റിയലൻസ് എന്നീ ഓണ്‍ ലൈൻ ഡെലിവറി കമ്പനികളുമായി മത്സരിക്കാൻ ഇത് ബിഗ്ബാസ്ക്കറ്റിനെ പ്രാപ്തമാക്കി.

2021
1932ൽ ജെആര്‍ഡി ടാറ്റ തുടക്കമിട്ട എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തി. കനത്ത കടത്തെ തുടര്‍ന്ന് സര്‍വീസ് സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ടാറ്റയ്ക്ക് അനുകൂലമായത്.


SCROLL FOR NEXT