NEWSROOM

25 വർഷം മുൻപുള്ള കേസിൽ ഇതുവരെ വിചാരണ തുടങ്ങിയില്ല; തലശ്ശേരി കോടതിയിൽ വിധിയറിയാതെ കെട്ടിക്കിടക്കുന്നത് നിരവധി കേസുകൾ

2023 മെയ് മാസം 178 കൊലപാതകക്കേസുകളാണ് കണ്ണൂർ ജില്ലയിൽ വിചാരണ തുടങ്ങാൻ ബാക്കിയുണ്ടായിരുന്നത്. പ്രമാദമായ രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയാണ് ഈ സംഖ്യ.

Author : ന്യൂസ് ഡെസ്ക്


കണ്ണൂരിലെ റിജിത്ത് കൊലക്കേസിൽ കഴിഞ്ഞ ദിവസം തലശ്ശേരി കോടതി വിധിപറഞ്ഞത് 19 വർഷത്തിന് ശേഷമാണ്. നീതി വൈകുന്നതും നീതിനിഷേധത്തിന് തുല്യമെന്നിരിക്കെ ഇപ്പോഴും വിധിയറിയാതെ കെട്ടിക്കിടക്കുന്ന കേസുകൾ നമ്മുടെ കോടതികളിൽ നിരവധി. തലശ്ശേരി കോടതിയിൽ തന്നെ 25 വർഷം മുൻപുള്ള കേസുകളടക്കമുണ്ട് പട്ടികയിൽ.



2023 മെയ് മാസം 178 കൊലപാതകക്കേസുകളാണ് കണ്ണൂർ ജില്ലയിൽ വിചാരണ തുടങ്ങാൻ ബാക്കിയുണ്ടായിരുന്നത്. പ്രമാദമായ രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയാണ് ഈ സംഖ്യ.  കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 107 ഉം റൂറൽ പരിധിയിൽ 70 ഉം കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരു കേസും. കേസുകളുടെ ബാഹുല്യം കോടതിയുടെ ദൈനംദിന പ്രവർത്തനത്തെയടക്കം ബാധിക്കാൻ തുടങ്ങിയതോടെ വിചാരണ വേഗത്തിലാക്കാനുള്ള തീരുമാനം തുടങ്ങി.



ഈ ശ്രമങ്ങളുടെ ഭാഗമായി ഒന്നര വർഷത്തിനിടെ 55 കേസുകൾ തീർപ്പാക്കാനായെങ്കിലും ഇന്നും വിചാരണ തുടങ്ങാതെ 1998ലെ കേസുകളടക്കം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്ന 1998 ൽ ചൊക്ലിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസാണ് ഏറ്റവും കൂടുതൽ കാലമായി കെട്ടിക്കിടക്കുന്നത്.

Also Read; കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടി; കണക്കുകളിൽ അന്വേഷണം ആരംഭിച്ച് പൊലീസ്, ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും

കാലതാമസം വരുന്നത് കേസുകളുടെ വിചാരണയെ ബാധിക്കാനുള്ള സാധ്യത ആശങ്ക ഉയർത്തുന്നുണ്ട്. തെളിവുകൾ കൃത്യമായി കോടതിക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കാത്തതും, സാക്ഷി മൊഴികൾ കൃത്യമായി രേഖപ്പെടുത്താനാവാത്തതും വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.



ഒന്നര വർഷത്തിനിടെ പരിഗണിച്ച കേസുകളിൽ 4 എണ്ണം പ്രതികൾ മരിച്ചതിനെത്തുടർന്ന് റദ്ദാക്കുകയായിരുന്നു. തലശ്ശേരി കോടതി ആധുനിക, സമുച്ചയത്തിലേക്ക് മാറുന്നതോടെ കേസുകൾ പരിഗണിക്കുന്നത് വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. പുതിയ കോടതി സമുച്ചയം ജനുവരി 25നാണ് ഉദ്ഘാടനം ചെയ്യുന്നത്... കോളിളക്കം സൃഷ്‌ടിച്ച നിരവധി രാഷ്ട്രീയകൊലപാതകങ്ങളിലെ ശിക്ഷ വിധിയുൾപ്പെടെ തുടർച്ചയായ വിധി പ്രസ്താവങ്ങളാണ് തലശ്ശേരി കോടതിയിൽ നിന്ന് പുറത്തുവരാനിരിക്കുന്നത്.




SCROLL FOR NEXT