ഷൈൻ ടോം ചാക്കോയുൾപ്പടെയുള്ള സിനിമാ നടന്മാരെ അറിയാമെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന. ഇവരുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും തസ്ലീമ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി കേസിലെ മൂന്ന് പ്രതികളെയും മൂന്ന് ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വാങ്ങി. എന്നാൽ ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു നേരത്തെ തസ്ലീമ എക്സൈസിന് നൽകിയ മൊഴി.
സിനിമാ മേഖലയിലെ പലരെയും തനിക്ക് അറിയാം. ഷൈൻ ടോം ചാക്കോയുമായും പരിചയം ഉണ്ട്. എന്നാൽ ഇവരുമായി ലഹരി ഇടപാടുകളില്ലെന്നാണ് കോടതിയിൽ എത്തിച്ചപ്പോൾ തസ്ലീമ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ മണ്ണഞ്ചേരി സ്വദേശി ഫിറോസ്, ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്ത തസ്ലീമയുടെ ഭർത്താവ് സുൽത്താൻ അലി അക്ബർ എന്നിവരെ രാവിലെ ആലപ്പുഴ ജില്ലാ കോടതിയിൽ എത്തിച്ചു. വൈകുന്നേരത്തോടെ കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഒന്നാംപ്രതി തസ്ലീമയെ എത്തിച്ചതിനുശേഷമാണ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
കേസുമായി ബന്ധമൊന്നുമില്ലെന്ന് മൂന്നാം പ്രതി സുൽത്താൻ അലി അക്ബറിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ലഹരി വാങ്ങുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലായെന്നും ഒന്നാം പ്രതിയുടെ ഭർത്താവാണെന്നുള്ള ഒറ്റ കാരണത്താലാണ് അറസ്റ്റെന്നും വാദം ഉണ്ടായി.
അതേസമയം വിശദമായി ചോദ്യം ചെയ്യുന്നതിനായി കേസിലെ മൂന്ന് പ്രതികളെയും എക്സൈസ് കസ്റ്റഡിയിൽ വാങ്ങി. അന്വേഷണ ഉദ്യോഗസ്ഥർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ ഒറ്റക്കിരുത്തി സാമാന്തരമായിട്ടാകും ചോദ്യം ചെയ്യുക. പ്രതികളുടെ മൊഴികളിലെ വൈരുധ്യം മനസ്സിലാക്കാനാണ് ഇത്തരമൊരു നീക്കം. നൂറിൽ പരം ചോദ്യങ്ങൾ അടങ്ങിയ പ്രത്യേക ചോദ്യാവലിയും എക്‌സൈസ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 24 വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി.
എക്സൈസ് തയ്യാറാക്കിയ ചോദ്യങ്ങളിൽ 25 ൽ പരം ചോദ്യങ്ങൾ സിനിമ മേഖലയുമായി ബന്ധപ്പെട്ടതാണ്. സുൽത്താൻ അക്ബർ അലിയുടെ സ്വർണക്കടത്ത് ഇടപാടുകളിലും വ്യക്തത വരുത്തും. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഷൈൻ ടോം ചാക്കോ ഉൾപ്പടെ തസ്ലീമ വെളിപ്പെടുത്തിയ താരങ്ങളെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് അന്വേഷണസംഘം കടക്കൂ.