NEWSROOM

പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നോട് പെരുമാറിയത് അനാദരവോടെ; മുഖ്യമന്ത്രി ശ്രമിക്കുന്നത് നരേന്ദ്ര മോദിയാകാൻ: വി.ഡി. സതീശൻ

മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞത് മാത്രം നിർത്താൻ ആണെങ്കിൽ എന്തിനാണ് സഭാ ടിവിയെന്നും വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്


സ്പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്തും നിന്നും ദൗർഭാഗ്യകരമായ കാര്യമാണ് സഭയിൽ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ ഭാഗമായാണ് ചോദ്യങ്ങൾ ചോദിച്ചത്. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 49 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിനെ തുടർന്നാണ് സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായത്. 

പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നോട് അനാദരവോടെയാണ് സ്പീക്കർ പെരുമാറിയത്. ആ കസേരയിൽ ഇരുന്ന മറ്റൊരു സ്പീക്കറും ഇങ്ങനെ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ തന്റെ ഭാഗം മാത്രം സഭാ ടിവിയിൽ നിന്നും നീക്കം ചെയ്തു. ഇത് ഏകാധിപത്യമായ നടപടിയാണ്. മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞത് മാത്രം നിർത്താൻ ആണെങ്കിൽ എന്തിനാണ് സഭാ ടിവിയെന്നും വി.ഡി. സതീശൻ ചോദിച്ചു.

സഭയിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ പുറത്ത് വരണം. പ്രതിപക്ഷ നേതാവിന്റെ മാത്രം പരാമർശങ്ങൾ നീക്കുന്നത് ജനാധിപത്യപരമല്ലെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് നരേന്ദ്ര മോദിയാകാനാണ്. മുഖ്യമന്ത്രി വളരെ മോശമായ പ്രതികരണമാണ് തന്നെ പറ്റി നടത്തിയത്. താൻ ഒരു വിശ്വാസിയാണ്. എന്നും പ്രാർത്ഥിക്കുന്നത് പിണറായിയെ പോലെ ആകരുതെന്നാണ് എന്നും വി. ഡി. സതീശൻ പറഞ്ഞു. തങ്ങൾ ഉയർത്തിയ വിഷയം ഇനിയും ആവർത്തിച്ചു ചോദിക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


SCROLL FOR NEXT