NEWSROOM

'മനുഷ്യജീവിതത്തിൻ്റെ ദുർബലതകളെ തുറന്നുകാട്ടുന്ന കാവ്യാത്മക ഗദ്യ രചന'; 2024ലെ സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്

2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങ്ങിന്‍റെ 'ദ വെജിറ്റേറിയന്‍' എന്ന നോവലിനായിരുന്നു

Author : ന്യൂസ് ഡെസ്ക്

2024ലെ സാഹിത്യ നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. 'ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യ രചനകള്‍' നിർവഹിക്കുന്നതാണ് ഹാനിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഹാനിന്‍റെ നോവലുകള്‍, ചെറുകഥകള്‍ എന്നിവ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം, അക്രമം, ദുഃഖം, മനുഷ്യത്വം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങ്ങിന്‍റെ 'ദ വെജിറ്റേറിയന്‍' എന്ന നോവലിനായിരുന്നു. ഹാനിന്‍റെ വിവർത്തനം ചെയ്യപ്പെട്ട രചനകളില്‍ ആദ്യത്തേതായിരുന്നു വെജിറ്റേറിയന്‍. 2015ല്‍ ഡെബോറാഹ് സ്മിത്താണ് വെജിറ്റേറിയന്‍ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്. യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് (2005), കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ഹാന്‍ നേടിയിട്ടുണ്ട്.


1970 നവംബർ 27ന് ദക്ഷിണ കൊറിയയിലാണ് ഹാൻ കാങ്ങിന്‍റെ ജനനം. യോൻസെ സർവകലാശാലയിൽ കൊറിയൻ സാഹിത്യം പഠിച്ചു. ലിറ്ററേച്ചർ ആൻ്റ് സൊസൈറ്റിയുടെ ത്രൈമാസിക 1993 ലെ വിൻ്റർ ലക്കത്തിൽ 'വിൻ്റർ ഇൻ സിയോൾ' ഉൾപ്പെടെയുള്ള അഞ്ച് കവിതകൾ പ്രസിദ്ധീകരിച്ചതോടെയാണ് ഹാനിന്‍റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. അടുത്ത വർഷം നടന്ന സിയോൾ ഷിൻമുൻ സ്പ്രിംഗ് സാഹിത്യമത്സരത്തിൽ 'ദി സ്കാർലറ്റ് ആങ്കർ' എന്ന ചെറുകഥ വിജയിച്ചതോടെ ഫിക്ഷനിലും ഹാന്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് കൊറിയന്‍ സാഹിത്യത്തിലെ സജീവ ശബ്ദമാണ് ഹാന്‍. 1995ലാണ് ആദ്യ ചെറുകഥാ സമാഹാരമായ ലവ് ഓഫ് യോസു പുറത്തുവന്നത്.

1901ൽ ആരംഭിച്ച സാഹിത്യ നൊബേലിൽ പുരസ്കാരം നേടുന്ന 18മത്തെ വനിതയും ആദ്യത്തെ ഏഷ്യൻ വനിതയുമാണ് ഹാൻ കാങ്. സാഹിത്യ നൊബേല്‍ ലഭിക്കുന്ന ആദ്യത്തെ സൗത്ത് കൊറിയൻ എഴുത്തുകാരി കൂടിയാണ് ഹാൻ കാങ്.

SCROLL FOR NEXT