NEWSROOM

കുവൈത്തിലെ താമസ നിയമലംഘകർക്ക് പൊതുമാപ്പ് കാലാവധി ജൂൺ 30 ന് അവസാനിക്കും

ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കുവൈത്തിലെ താമസ നിയമലംഘകർക്ക് നൽകിയ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി അഞ്ച് നാൾ മാത്രം. 1,20,000 ത്തിലധികം പ്രവാസികൾക്ക് പ്രയോജനം ലഭിക്കാൻ ലക്ഷ്യമിട്ട് ആണ് മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്ക് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആദ്യം ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടുകയായിരുന്നു.

ഈ കാലയളവിൽ, താമസ നിയമലംഘകർക്ക് കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കാനും, നിശ്ചിത ചട്ടങ്ങൾ പാലിച്ച് അവരുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനും, അല്ലെങ്കിൽ പിഴയില്ലാതെ നിയുക്ത തുറമുഖങ്ങൾ വഴി രാജ്യം വിടാനും കഴിയും. പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിൽ കുവൈത്തിലുള്ള താമസ നിയമലംഘകർ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പ്രവാസികളെ ലക്ഷ്യമിട്ട് വ്യത്യസ്ത ഭാഷകളിൽ ആണ് ആഭ്യന്തര മന്ത്രാലയം നോട്ടീസുകൾ പുറത്തിറക്കിയിരുന്നത്. പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാത്തവരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് സഹായങ്ങൾ നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. നാട്ടിലേക്ക് പോകാൻ പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവർക്ക് ഇന്ത്യൻ എംബസി പാസ്പോർട്ടും എമർജൻസി സർട്ടിഫിക്കറ്റും നൽകും. ഇതിനായി ഇന്ത്യൻ എംബസിയുടെ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT