NEWSROOM

ബലാത്സംഗ കേസ്: മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ബലാത്സംഗ കേസിൽ നടൻമാരായ മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രഹസ്യ വാദത്തിൻ്റെ തുടർവാദമാണ് ഇന്ന് നടക്കുക. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

നടൻ സിദ്ദീഖിൻ്റെ ഹർജി ഹൈക്കോടതിയാണ് ഇന്ന് പരിഗണിക്കുക. ബലാത്സംഗത്തിനിരയായ നടി ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്ന് ആഗസ്റ്റ് 27ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദീഖ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.

ALSO READ: "ആരോപണം അടിസ്ഥാന രഹിതം": പരാതി തന്നെ അപമാനിക്കാന്‍: ലൈംഗിക പീഡന കേസില്‍ പ്രതികരിച്ച് സിദ്ദീഖ്

തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് 2016ൽ സിദ്ദീഖ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. എന്നാൽ, 2019 മുതൽ നടി പരാതിയുമായി രംഗത്തുണ്ടെന്നും അന്നൊന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും സിദ്ദീഖ് ഹർജിയിൽ പറയുന്നു. 2016ൽ തിയേറ്ററിൽ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു അന്നത്തെ ആരോപണം.

2019 മുതൽ 2022 വരെ വിവിധ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് നടി ആരോപണം ഉന്നയിച്ചത്. ജാമ്യം ലഭിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ബലാത്സംഗ ആരോപണവുമായി ഇപ്പോൾ നടി രംഗത്തെത്തിയതെന്നാണ് സിദ്ദീഖിൻ്റെ വാദം.

SCROLL FOR NEXT