ഇന്ത്യ കണ്ട ഏറ്റവും സവിശേഷ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വി.കെ. കൃഷ്ണമേനോൻ. രാജ്യത്തിന്റെ നയതന്ത്ര രംഗത്ത് സമാനതകളില്ലാത്ത ഇടപെടൽ നടത്തിയ കൃഷ്ണമേനോൻ എന്ന വിശ്വപൗരന്റെ അൻപതാം ചരമവാർഷികമാണ് ഇന്ന്.
കോഴിക്കോട്ട് വെങ്ങാലിൽ എന്ന സമ്പന്ന കുടുംബത്തിലാണ് വെങ്ങാലില്‍ കുഞ്ഞികൃഷ്ണ മേനോന്‍ എന്ന വികെ കൃഷ്ണമേനോന്‍റെ ജനനം. ബ്രിട്ടീഷ് ഇന്‍റലിജന്‍സായ എം 15ന്‍റെ രഹസ്യരേഖകളില്‍ സോവിയറ്റ് ചാരനെന്നും, ചെെനീസ് കമ്യൂണിസ്റ്റെന്നും, നെഹ്റുവിന്‍റെ ഈവിൾ ജീനിയസെന്നും വിശേഷിപ്പിക്കപ്പെട്ട രാഷ്ട്ര നയതന്ത്രജ്ഞന്‍. ആനി ബസൻറിനെ അമ്മയെന്നും ഇന്ദിരാഗാന്ധിയെ ഇന്ദു എന്നും വിളിക്കാൻ അത്രമേൽ ബന്ധമുണ്ടായിരുന്ന കൃഷ്ണമേനോൻ.
തിയോസഫിക്കല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പഠനകാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ചേർന്നു. ഇന്ത്യന്‍ പോരാട്ടത്തിന് ബ്രിട്ടനില്‍ പ്രചാരം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 1929 മുതൽ 1947 വരെ ബ്രിട്ടനില്‍ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച ഇന്ത്യാ ലീഗിനെ നയിച്ചു. ബ്രിട്ടനിലെ ലേബർ പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയ മേനോൻ ഇന്ത്യയ്ക്ക് സ്വയംഭരണ അവകാശം നല്‍കണമെന്ന ഇന്ത്യാലീഗിന്‍റെ ആവശ്യത്തിന് ലേബർ പാർട്ടി അംഗീകാരം നേടിക്കൊടുക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് വരെ അദ്ദേഹത്തെ ലേബർ പാർട്ടി പരിഗണിച്ചു. ഈ നീക്കത്തില്‍ നിന്ന് അവർ പിന്‍വലിഞ്ഞത് കൃഷ്ണമേനോന്‍ കമ്യൂണിസ്റ്റാണെന്ന സംശയത്തിലായിരുന്നു. ഈ കാലയളവിലാണ് നെഹ്റുവിനെ കണ്ടുമുട്ടുന്നത്. പിന്നീട് നെഹ്റുവിന്‍റെ വലംകെെയ്യും ആത്മമിത്രവുമായി മാറി. 'ഞാൻ ഏറ്റവും കൂടുതൽ ആശയ ഐക്യം പുലർത്തിയ വ്യക്തി'- മേനോനെ, നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനെയാണ്...
സ്വാതന്ത്ര്യാനന്തരം 1947ല്‍ ഇന്ത്യൻ ബ്രിട്ടീഷ് ഹെെക്കമ്മീഷണറായി, 52 വരെ അത് തുടർന്നു. 1952 മുതൽ 1962 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥാനപതി. ചേരിചേരാനയത്തിലടക്കം ഇന്ത്യയുടെ അന്താരാഷ്ട്ര ഇടപെടലുകളിൽ നായകത്വം വഹിച്ച വിശ്വപൗരൻ. സൂയസ് കനാൽ ദേശസാത്കരണമടക്കമുള്ള വിഷയങ്ങളില്‍ നിർണ്ണായക പങ്കുവഹിച്ച കൃഷ്ണമേനോന്‍ ഫോർമുല മേനോന്‍ എന്നറിയപ്പെട്ടു. 1957 ജനുവരി 23ന് കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാട് യുഎന്നിൽ പ്രഖ്യാപിച്ച കൃഷ്ണമേനോന്‍റെ എട്ട് മണിക്കൂർ പ്രസംഗ റെക്കോർഡ് ഇന്നും ഭേദിക്കപ്പെട്ടിട്ടില്ല.
1952ല്‍ ഇന്ത്യയിൽ തിരിച്ചെത്തിയ മേനോന്‍ 1953ല്‍ രാജ്യസഭാംഗമായി, 1956 മുതല്‍ കാബിനറ്റിൽ. 1957ല്‍ പ്രതിരോധ മന്ത്രി. ഇന്ത്യയുടെ സൈനിക സാങ്കേതികവിദ്യാ വികാസത്തിനുള്ള ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ സ്ഥാപിക്കുന്നതടക്കം പ്രതിരോധ ഗവേഷണ രംഗത്ത് ദീർഘദർശനത്തോടെ ഇടപെട്ടു. ഇതെല്ലാം അപ്രസക്തമാക്കിക്കൊണ്ട് 1962 ലെ ഇന്ത്യ-ചെെന യുദ്ധം രാജിയിലെത്തിച്ചു. ഇന്ത്യൻ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേനോൻ രാജിവെച്ചു...
1950 കളില്‍ ചെെനീസ് അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഘട്ടത്തില്‍ കൃഷ്ണമേനോനെതിരെ ചെെനീസ് അനുഭാവം ആരോപിക്കപ്പെട്ടിരുന്നു. 1971 ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് അവസാന തെരഞ്ഞെടുപ്പ് പോരാട്ടം നടത്തി, കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രനായി. എന്നാല്‍ സഭാ കാലാവധി പൂർത്തിയാക്കാതെ, 1974 ഒക്ടോബര്‍ ആറിന് ഡല്‍ഹിയില്‍ വെച്ച് വി.കെ. കൃഷ്ണമേനോന്‍ വിടവാങ്ങി.
കൃഷ്ണമേനോന്റെ വിയോഗത്തെക്കുറിച്ച് ഇന്ദിര പറഞ്ഞിതങ്ങനെ - 'ആ അഗ്നിപർവ്വതം കെട്ടടങ്ങി'....
ALSO READ: സ്വർണക്കടത്തിനെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല; മാധ്യമങ്ങളും അൻവറും തമ്മിലാണ് നെക്സസ് , എം.ബി. രാജേഷ്