kozhikode 
NEWSROOM

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: നടന്നത് ചെറിയ അപകടമെന്ന മേയറുടെ വാദം പൊളിയുന്നു; ദൃശ്യം പുറത്ത്

പ്ലാസ്റ്റിക്കിന്റെ ചെറിയ ഒരു ഭാഗം പൊട്ടി, അപ്പോള്‍ തന്നെ തീ അണച്ചു. അല്ലാതെ, ബെഡ് കത്തുകയോ വലിയ പുക ഉയരുന്ന സാഹചര്യമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു എന്നായിരുന്നു അപകട ശേഷം കോഴിക്കോട് മേയര്‍ നടത്തിയ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗം 6-ാം നിലയില്‍ തിങ്കളാഴ്ച പുക ഉയര്‍ന്ന സംഭവത്തില്‍ നടന്നത് ചെറിയ അപകടമെന്ന മേയറുടെയും അധികൃതരുടെയും വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏറെ നാളായി ഉപയോഗിക്കാതിരുന്ന കാര്‍ഡിയോ വാസ്തുലാര്‍ തൊറാസിക് സര്‍ജറി ഓപ്പറേഷന്‍ തിയേറ്ററിലെ പെന്‍ഡന്റ് മോട്ടോറിലുണ്ടായ തകരാറാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് നിഗമനം. നിലവില്‍, ഒന്നരക്കോടി വിലയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്.


പ്ലാസ്റ്റിക്കിന്റെ ചെറിയ ഒരു ഭാഗം പൊട്ടി, അപ്പോള്‍ തന്നെ തീ അണച്ചു. അല്ലാതെ, ബെഡ് കത്തുകയോ വലിയ പുക ഉയരുന്ന സാഹചര്യമോ ഒന്നും ഉണ്ടായില്ലെന്നായിരുന്നു അപകട ശേഷം കോഴിക്കോട് മേയര്‍ നടത്തിയ പ്രതികരണം. എന്നാല്‍ നടന്നത് വലിയ അപകടമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

കാര്‍ഡിയോ വാസ്തുലാര്‍ തൊറാസിക് സര്‍ജറി ഓപ്പറേഷന്‍ തിയേറ്ററിലെ പെന്‍ഡന്റ് ആണ് കത്തി നശിച്ചത് എന്ന നിഗമനങ്ങളെ നിഷേധിക്കുകയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച സ്വകാര്യകമ്പനിയായ പെ നിറ്റ്. അന്തിമറിപ്പോര്‍ട്ട് വരാതെ അപകട കാരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം.

ഓപ്പറേഷന്‍ തീയേറ്ററിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തം. പുക കെടുത്തിയപ്പോള്‍ ഒടി ബെഡ്, മോണിറ്റര്‍, ഇസിജി തുടങ്ങിയവ നനഞ്ഞിട്ടുണ്ട്. ഇവയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബയോമെഡിക്കല്‍ വിഭാഗം ഉറപ്പുവരുത്തിയ ശേഷമേ ഇനി ഉപയോഗിക്കുകയുള്ളൂ. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫൊറന്‍സിക് എന്നീ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മെഡിക്കല്‍ കോളേജ് പൊലീസ് പൊട്ടിത്തെറിയില്‍ അന്വേഷണം നടത്തും.


SCROLL FOR NEXT