NEWSROOM

ആനയിറങ്കൽ ജലാശയത്തിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

ആനയിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്സണും ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയത്

Author : ന്യൂസ് ഡെസ്ക്


ആനയിറങ്കൽ ജലാശയത്തിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയ്‌സൺ തച്ചമറ്റത്തിൽ (42), രാജകുമാരി സ്വദേശി ബിജു മൂളേക്കുടി എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ ഫയർ ഫോഴ്സിന്റെയും പ്രദേശവാസികളുടെയും സംയുക്തമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.



ഉച്ചയോടെ ആദ്യം ജെയ്‌സൺ തച്ചമറ്റത്തിലിൻ്റെ മൃതദേഹമാണ് ലഭിച്ചത്. പിന്നാലെ തന്നെ ആനയിറങ്കൽ ജലാശയത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേവും ലഭിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരും ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയത്.

ആനയിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്സണും ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയത്. എന്നാൽ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമിൽ എത്തുകയായിരുന്നു. ഇക്കാര്യം ഡാം വാച്ചറോ സുഹൃത്തുക്കളോ അറിഞ്ഞില്ലെന്നാണ് വിവരം.


ഇന്ന് രാവിലെ തേയില തോട്ടത്തിലെത്തിയ തൊഴിലാളികൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ജയ്‌സൻ്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ ഡാമിൽ അപകടത്തിൽപ്പെട്ടെന്ന് സംശയം തോന്നിയത്. ഡാമിന് സമീപത്ത് നിന്ന് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമിൽ അകപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് വനം വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ എല്ലാവരും സംയുക്തമായി സ്ഥലത്ത് തെരച്ചിൽ നടത്തിയത്.

SCROLL FOR NEXT