തൃശൂർ മണലിപ്പുഴയിൽ തലയറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയ മൃതദേഹം ആസാം സ്വദേശിയുടേതെന്ന് സംശയം. മൃതദേഹത്തിൽ നിന്ന് ലഭിച്ച സിംകാർഡ് വഴി നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. മൃതദേഹത്തിന്റെ തലഭാഗം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തിലേറെ പഴക്കമുണ്ട്.
ALSO READ: ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; അന്ത്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ
ഉച്ചയോടു കൂടിയാണ് നെന്മണിക്കര പള്ളത്ത്,കുറുമാലി പുഴയിൽ തലയറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളായി പുഴയിലൂടെ ഒഴുകി നടന്ന മൃതദേഹം കരക്കടിഞ്ഞതോടെ പൊലീസും ഫയർഫോഴും ചേർന്നാണ് പുറത്തടുത്തത്. മൃതദേഹത്തിന് അരികിൽ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം ആസാം സ്വദേശിയുടേതാണെന്നുള്ള സൂചനകൾ ലഭിച്ചത്.
മറ്റൊരു ഫോണിൽ സിം കാർഡ് ഇട്ടപ്പോൾ ആസാമിൽ നിന്നും ഇൻകമിംഗ് കോൾ വന്നു. പൊലീസ് വിശദാംശങ്ങൾ തേടിയപ്പോൾ തന്റെ സഹോദരനെ കുറച്ച് ദിവസങ്ങളായി വിവരം ഇല്ലെന്നും ഇയാൾ മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നുവെന്നുമാണ് മറുപടി ലഭിച്ചത്. തുടർന്ന്, ഇവരോട് കേരളത്തിലേക്ക് ഉടൻ എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം ഇൻക്വസ്റ്റ് - ഫോറൻസിക് നടപടികൾ പൂർത്തീകരിച്ച് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തി അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.