NEWSROOM

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച മലയാളി അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അമല്‍ മരണപ്പെടുന്നത്

Author : ന്യൂസ് ഡെസ്ക്



ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്റെ(34) മൃതദേഹം ഇന്ന് വീട്ടിലെത്തിക്കുമെന്ന് നോര്‍ക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു.

ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം എംബാം ചെയ്തു. വൈകിട്ട് നാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന ഇന്‍ഡിഗോ വിമാനത്തിലാകും മൃതദേഹം എത്തിക്കുക. തുടര്‍ന്ന് നോര്‍ക്ക ആംബുലന്‍സ് സര്‍വീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിന്റെ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.


കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അമല്‍ മരണപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയില്‍ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയര്‍ലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായി അമല്‍ മരണപ്പെടുകയായിരുന്നു.

കേദാര്‍നാഥില്‍ നിന്ന് ഹെലികോപ്ടറിലാണ് മൃതദേഹം ജോഷിമഠില്‍ എത്തിച്ചത്. ഇവിടെയുള്ള ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.

SCROLL FOR NEXT