NEWSROOM

ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ ഉടനെങ്ങും ഫാസ്റ്റാകില്ല; സ്ഥാപിക്കാനിരുന്ന അതിവേഗ കോടതികളുടെ എണ്ണം വെട്ടിച്ചുരുക്കി കേന്ദ്രം

2026ഓടെ ഇന്ത്യയിലുടനീളം 2600 അതിവേഗകോടതികള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍

Author : ന്യൂസ് ഡെസ്ക്

ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ വേഗത്തിലാക്കുന്നതിനായി സ്ഥാപിക്കാനുദ്ദേശിച്ച ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികളുടെ (എഫ്‌ടിഎസ്‌സി) എണ്ണം കേന്ദ്രം വെട്ടിച്ചുരുക്കിയതായി റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട് . ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന സുപ്രീം കോടതി വിമർശനത്തെ തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ മാത്രം വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം 2019 ലാണുണ്ടായത്. കുട്ടികള്‍ ഇരകളാകുന്ന കേസുകളിലുള്‍പ്പടെ വിചാരണ നീളുന്ന പശ്ചാത്തലത്തില്‍ ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെ നേരിട്ട് വിമർശിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ കോടതി വിധി.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗത്തിന്‍റെയും വിചാരണ നടക്കുന്നത് കേസുകള്‍ അനവധിയുള്ള ഹൈക്കോടതികളിലാണ്.  ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി 60 ശതമാനം കേന്ദ്ര ഫണ്ടോടെ 2021 മാർച്ചിനുള്ളില്‍ 1023 അതിവേഗ കോടതികള്‍ സ്ഥാപിക്കാനായിരുന്നു സംസ്ഥാനങ്ങള്‍ക്കുള്ള നിർദേശം. 2026ഓടെ ഇന്ത്യയിലുടനീളം 2600 അതിവേഗകോടതികള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ 790 കോടതികള്‍ സ്ഥാപിക്കാനാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനങ്ങളുടെ താല്‍പര്യക്കുറവ്, ജഡ്ജിമാരുടെ അഭാവം എന്നിവ കാരണമാണിതെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. എഫ്‌ടിഎസ്‌സി പ്രോജക്റ്റിൻ്റെ ഈ വർഷത്തെ പുരോഗതി സംഗ്രഹിച്ചുകൊണ്ടുള്ള റിപ്പോർട്ട് വിശകലനം ചെയ്ത് റോയിട്ടേഴ്സാണ് വെട്ടിച്ചുരുക്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. സർക്കാർ കണക്കുകൾ പ്രകാരം ഓഗസ്റ്റ് വരെ രാജ്യവ്യാപകമായി നിലവിലുള്ളത് 752 അതിവേഗ കോടതികള്‍ മാത്രമാണ്. പരമ്പരാഗത കോടതികളേക്കാള്‍ വേഗത്തില്‍ പ്രത്യേക കോടതികള്‍ വിചാരണ പൂർത്തിയാക്കുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.


ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിലൂടെ നിരവധി പ്രതിഷേധങ്ങളുടെ വേദിയായ ബംഗാള്‍ കഴിഞ്ഞ വർഷം മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. എന്നാൽ 48,600 ബലാത്സംഗ കേസുകളും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളും വിചാരണ കാത്തുകിടക്കുന്ന സംസ്ഥാനത്ത് ആറ് ട്രിബ്യൂണലുകള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്. ജഡ്ജിമാരുടെ അഭാവമാണ് ഇതിന് കാരണമായി മമതാ സർക്കാർ ഉയർത്തിക്കാണിക്കുന്നത്. വിരമിച്ച ജഡ്ജിമാരെ പ്രത്യേക അതിവേഗ കോടതികളിലേക്ക് നിയമിക്കുന്നതിന് സർക്കാർ ശ്രമം നടത്തിവരികയാണ്. 2026-ഓടെ 17 പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുകയാണ് ബംഗാളിന്‍റെ ലക്ഷ്യം. ലൈംഗിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുവാനായി സർക്കാർ സ്ഥാപിച്ച കോടതികളുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മറുപടി നല്‍കിയ വനിത ശിശു വികസന മന്ത്രാലയം മമതയുടെ അവകാശവാദങ്ങളിലെ വസ്തുതാ പിശകുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് വീഴ്ചപറ്റിയെന്ന് സ്ഥാപിക്കുകയായിരുന്നു.

Also Read: ജനറല്‍ സെക്രട്ടറി ആരെന്ന് തീരുമാനമായില്ല; സിപിഎം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു


ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ കോടിക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാന കോടതികളില്‍ ഏകദേശം 5000 ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ് കണക്കുകള്‍. കരാറടിസ്ഥാനത്തില്‍ ജഡ്ജികളെ നിയമിക്കുന്നതടക്കം സാധ്യതകള്‍ പരിശോധിച്ചു വരികയാണ് കേന്ദ്ര സർക്കാർ. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതില്‍ മെല്ലെപോകുന്നതെന്നാണ് ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിന്‍റെ വാദം. എന്നാല്‍, ബിജെപി കൂടി ഭാഗമായിട്ടുള്ള മഹാരാഷ്ട്ര സർക്കാർ ലക്ഷ്യം വെച്ച 138 കോടതികള്‍ 14 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. പ്രതിപക്ഷ കക്ഷി ഭരിക്കുന്ന ജാർഖണ്ഡ് ലക്ഷ്യം വെച്ച 22 അതിവേഗ കോടതികളും സ്ഥാപിച്ച സംസ്ഥാനമാണ്. എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ എഫ്‌ടിഎസ്‌സി പദ്ധതിയില്‍ നിന്നും ജാർഖണ്ഡ് പിന്‍മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.  എന്നാല്‍ ഇതിനെപ്പറ്റി കൂടുതല്‍ പ്രതികരണങ്ങള്‍ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

SCROLL FOR NEXT