സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ മേയ് 18നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് കാലവർഷം മെയ് 27ന് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സാധാരണയിലും അഞ്ച് ദിവസം നേരത്തെയാണ് കാലവർഷമെത്തുക.
ALSO READ: പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
അതേസമയം, കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. അടിവാരം, കോടഞ്ചേരി, ഓമശ്ശേരി ഭാഗങ്ങളിലാണ് ഉച്ചയോടെ മഴ ആരംഭിച്ചത്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.