സ്കൂളിലെ പുതുവത്സര ആഘോഷത്തിൽ പങ്കെടുത്ത് കേക്ക് മുറിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ച യാത്രയ്ക്കിടെയാണ് ചൊറുക്കളയിലെ നേദ്യ എസ്. രാജേഷിനെ മരണം കൂട്ടിക്കൊണ്ടുപോയത്. അനുജത്തിക്കായി കരുതിയ ഒരു കഷ്ണം കേക്കുമായായിരുന്നു നേദ്യയുടെ അന്ത്യ യാത്ര. "ടീച്ചറേ.. എല്ലാർക്കും കേക്ക് കൊടുത്തു.. ദേ ഈ ഒരു കഷ്ണം ബാക്കിയ്ണ്ട്.. ഞാനിത് എടുത്തോട്ടെ.. എന്റെ അനിയത്തിക്ക് കൊടുക്കാനാണ്.. " കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ നടന്ന പുതുവത്സര ആഘോഷത്തിൽ കേക്ക് മുറിച്ചത് നേദ്യയായിരുന്നുവെന്ന് ഓർക്കുകയാണ് ക്ലാസ് ടീച്ചർ.
അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പുഞ്ചിരിയോടെ ടീച്ചർ തലയാട്ടിയപ്പോൾ ഒരു പേപ്പറിൽ അതും പൊതിഞ്ഞെടുത്താണ് ലാസ്റ്റ് ബെൽ മുഴങ്ങിയ ശേഷം നേദ്യ സ്കൂൾ വിട്ടത്. സ്കൂളിലെ പുതുവർഷ ആഘോഷത്തിന്റെ വിശേഷങ്ങൾ വാതോരാതെ ബസിലെ കൂട്ടുകാരോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര. ഇടക്ക് കാറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞ് ബസിന്റെ ഗ്ലാസ് വിൻഡോ നീക്കി. അപകടം നടന്നപ്പോൾ ഇതിലൂടെയായിരുന്നു നേദ്യ പുറത്തേക്ക് വീണത്.
ഓടിക്കളിച്ച മുറ്റത്തൂടെ ആംബുലൻസിൽ അവസാനമായി അവൾ തന്റെ സ്‌കൂളിലേക്ക് എത്തി. കലാ ഇനങ്ങളിൽ അവൾ മികവറിയിച്ച സ്റ്റേജിനോട് ചേർന്ന് നിശ്ചലയായി കിടന്നു. കൂട്ടുകാരും അധ്യാപകരും നിറകണ്ണുകളോടെ തന്നെ നോക്കി നിന്നത് അവൾ അറിഞ്ഞതേ ഇല്ല. ക്ലാസ് ടീച്ചറുടെ അന്ത്യ ചുംബനത്തിലെ സ്നേഹം കണ്ണീരിന്റെ നനവിൽ അവൾ അറിഞ്ഞിട്ടുണ്ടാവണം. എല്ലാ സ്നേഹവും ഏറ്റുവാങ്ങി പ്രിയപ്പെട്ടവരെല്ലാം നോക്കി നിൽക്കെ അവൾ ഇന്നും സ്കൂളിൽ നിന്ന് ഇറങ്ങി. എല്ലാവരുടെയും മനസ്സിൽ നോവിന്റെ ഓർമ്മക്കഷ്ണമായി.