നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരിയായ നടി. സിനിമ ലൊക്കെഷനായ കൂത്താട്ടുകുളത്തെ പന്നി ഫാർമിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഇവർ തൻ്റെ ഭാഗം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.
മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു പലരും വിളിച്ചിരുന്നു. പണത്തിന് ആവശ്യം ഉണ്ടോയെന്ന് ചോദിച്ചു. പുതിയ പടത്തിൽ അവസരം തരാമെന്ന് പറഞ്ഞു. ഉപദേശിക്കുന്ന രീതിയിലാണ് ഭീഷണിപ്പെടുത്തുന്നത്. പല പേരുകളിലാണ് ആളുകൾ വിളിക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു.
മുഴുവൻ സ്ത്രീകൾക്കു കൂടി വേണ്ടിയാണ് പൊരുതുന്നതെന്നും സിനിമ മേഖലയിൽ ഒരുപാട് വൃത്തികേടുകൾ കണ്ടിട്ടുള്ളതായും പരാതിക്കാരി പറഞ്ഞു. ജയസൂര്യയുടെ പേര് ആദ്യം പുറത്തു പറയാതെ ഇരുന്നത് കുടുംബം പറഞ്ഞതു കൊണ്ടാണ്. രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കേട്ടപ്പോൾ ഞെട്ടി പോയി. ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് പേര് പുറത്ത് പറഞ്ഞതെന്നും പരാതിക്കാരി വ്യക്തമാക്കി.
ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ രണ്ടു കേസുകളാണ് നടനെതിരെയുള്ളത്. സെക്രട്ടറിയേറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസാണ് ആദ്യം കേസെടുത്തത്. തൊടുപുഴയിൽ ഷൂട്ടിങ്ങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിൽ കരമന പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.