NEWSROOM

ഗാസ സംഘർഷം അൽ ഖ്വയ്ദ ഉൾപ്പെടെ തീവ്രവാദ ഗ്രൂപ്പുകൾക്ക് കരുത്തുപകർന്നേക്കും; മുന്നറിയിപ്പുമായി സുരക്ഷാ വിദഗ്ധർ

അൽ ഖ്വയ്ദ ഉൾപ്പെടെ തീവ്രവാദ ഗ്രൂപ്പുകൾ ഗാസയിലെ സംഘർഷത്തെ അവരുടെ വളർച്ചയ്ക്കായി ചൂഷണം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ സംഘര്‍ഷാവസ്ഥ ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ ഖ്വയ്ദ പോലുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് കരുത്ത് പകര്‍ന്നേക്കുമെന്ന ആശങ്കകള്‍ പങ്കുവെച്ച് മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സര്‍വീസുകള്‍. സാഹചര്യങ്ങള്‍ ഇങ്ങനെ തുടരുന്ന പക്ഷം, ഭാവിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖല ഇടമാകുമെന്ന ആശങ്കകളാണ് സുരക്ഷാ വിദഗ്ധര്‍ പങ്കുവെക്കുന്നത്. മേഖലയിലെ പല ഭാഗങ്ങളിലും ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായുള്ള തെളിവുകളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ സിനായ് മരുഭൂമിയില്‍ ഒരു ഐഎസ് ഗ്രൂപ്പ് കൂടുതല്‍ ആക്രമകാരികളാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിറിയയില്‍ സംഘത്തിന്റെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ജോര്‍ദാനിലെ അവരുടെ ആക്രമണ പദ്ധതികള്‍ ഇല്ലാതാക്കാന്‍ സാധിച്ചിരുന്നു. ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ ഭീഷണികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുര്‍ക്കിയില്‍ അടുത്തിടെ നിരവധിപ്പേരെ അറസ്റ്റ് ചെയ്തിരുന്നു.

വ്യാപകമായ സാമ്പത്തിക പ്രതിസന്ധിയും അസ്ഥിരതയും തുടരുന്ന ആഭ്യന്തര സംഘട്ടനവും മാത്രമല്ല, ഇസ്രായേലും ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ സംഘര്‍ഷവും പുതിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാമെന്നാണ് സുരക്ഷാ വിദഗ്ധരും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. ''ലോകത്തുടനീളമുള്ള ഇസ്ലാമിക തീവ്രവാദത്തെയും അതിദേശീയവാദത്തെയും പോഷിപ്പിക്കുന്ന ഇടമായി ഗാസ മാറിയിട്ടുണ്ട്. അതില്‍ വൈകാരികമായ ചില പ്രതികരണങ്ങളും പ്രകടമാണ്. ഞങ്ങള്‍ അതിന്റെ ചൂട് അറിഞ്ഞുതുടങ്ങിയിരിക്കുന്നു' - പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഗാസ യുദ്ധത്തെ 'വരും തലമുറയിലേക്കുള്ള ജിഹാദികളെ വാര്‍ത്തെടുക്കുന്ന ഒരു പ്രധാന ഇടം' എന്നാണ് അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനലിസ്റ്റുമായ ട്രിസിയ ബേക്കണ്‍ വിശേഷിപ്പിച്ചത്.

ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി യുഎന്‍ ഏതാനും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. സംഘങ്ങളിലേക്ക് പുതിയ ആളുകളെ എത്തിക്കുന്നതിനും പൊതുപിന്തുണ സമാഹരിക്കുന്നതിനുമായി ഗാസയിലെ യുദ്ധസാഹചര്യങ്ങള്‍ തീവ്രവാദ സംഘടനകള്‍ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അല്‍ ഖ്വയ്ദ ബന്ധമുള്ള സംഘടനകളിലൊന്ന് മിഡില്‍ ഈസ്റ്റിലും മറ്റുമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിടുന്നതായി ഫെബ്രുവരിയില്‍ പുറത്തുവിട്ട യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ ഇസ്രയേല്‍ ഹമാസിനെതിരെ തുടരുന്ന ആക്രമണങ്ങള്‍, ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മേഖലയില്‍ സജീവമാക്കാന്‍ സഹായകമാകുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.

SCROLL FOR NEXT