ധനമന്ത്രി നിർമല സീതാരാമൻ 
NEWSROOM

ബജറ്റിൽ കണ്ണുംനട്ട് രാജ്യം; സാധ്യതയുള്ള പ്രധാനപ്പെട്ട സാമ്പത്തിക മാറ്റങ്ങൾ ഇങ്ങനെ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ എന്താകുമെന്ന ആകാംക്ഷയുമുണ്ട്

Author : ന്യൂസ് ഡെസ്ക്

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നത്തിനുള്ള റൂട്ട് മാപ് ആകും ഈ ബജറ്റ് എന്നാണ് തൻ്റെ ഏഴാമത്തെ ബജറ്റിനെ ധനമന്ത്രി നിർമ്മല സീതാരാമനും, കേന്ദ്ര സർക്കാരും വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ നികുതിയിളവ് അടക്കമുള്ള കാര്യങ്ങൾ ഈ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. കൂടാതെ 2025-26 ആകുമ്പഴേക്കും ജിഡിപിയുടെ 4.5 ശതമാനമായി ധനക്കമ്മി കുറയ്ക്കാൻ ഫിസ്ക്കൽ ഗ്ലൈഡ് മാർഗങ്ങൾ സർക്കാർ സ്വീകരിക്കുമെന്ന് വിപണിയും പ്രതീക്ഷിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ എന്താകുമെന്ന ആകാംക്ഷയുമുണ്ട്.

തുടർച്ചയായ തൻ്റെ ഏഴാമത്തെ ബജറ്റും കഴിഞ്ഞ മൂന്ന് വർഷത്തെയും പോലെ തന്നെ പേപ്പർ രഹിത രൂപത്തിലായിരിക്കും നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. അതേസമയം 2019 ലെ ആദ്യ ബജറ്റ് ഡോക്യൂമെന്റസ് കൊണ്ട് വന്ന ലതർ ബ്രീഫ്‌കേസിന് പകരം ബഹി-ഖാത എന്ന ചുവന്ന തുണിയിലേക്ക് ഇത്തവണത്തെ ബജറ്റ് മാറുമ്പോൾ അതോടപ്പം മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന മേഖലകൾ ഏതൊക്കെയെന്ന് നോക്കാം.

സർക്കാർ ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമായ ബജറ്റ് ധനക്കമ്മി നടപ്പ് സാമ്പത്തിക വർഷത്തിൽ 5.1 ശതമാനമാണെന്നാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സർക്കാർ പറഞ്ഞത്. സമ്പൂർണ്ണ ബജറ്റിൽ കൂടുതൽ നികുതിയിളവുകൾ പ്രഖ്യാപിച്ചാൽ മുൻ വർഷത്തെ അപേക്ഷിച്ച് ബജറ്റ് ധനക്കമ്മി കുറയുമെന്നാണ് സൂചന. ഈ സാമ്പത്തിക വർഷത്തെ സർക്കാരിൻ്റെ ആസൂത്രിത മൂലധനച്ചെലവ് 11.1 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 9.5 ലക്ഷം കോടി ആയിരുന്നു. ഈ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ കൂടുതൽ ഊന്നൽ നൽകുമോ എന്നാണ് കാത്തിരിക്കുന്നത്.

2024-25 ലെ മൊത്ത നികുതി വരുമാനം 38.31 ലക്ഷം കോടി രൂപയാണെന്നാണ് ഇടക്കാല ബജറ്റിൽ സർക്കാർ വ്യക്തമാക്കിയത്. അതായത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 11.46 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതിൽ പ്രത്യക്ഷ നികുതികളിൽ 21.99 ലക്ഷം കോടി രൂപയും പരോക്ഷ നികുതികളിൽ നിന്ന് 16.22 ലക്ഷം കോടി രൂപയുമാണ് ലഭിച്ചത്. ഇതോടൊപ്പം 2024-25ൽ ചരക്ക് സേവന നികുതി ശേഖരണം 11.6 ശതമാനം വർധിച്ച് 10.68 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടക്കാല ബജറ്റ് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നാമമാത്രമായ ജിഡിപി വളർച്ച 10.5 ശതമാനം മുതൽ ₹ 327.7 ട്രില്യൺ ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ആർബിഐയുടെ കണക്കനുസരിച്ച് നടപ്പ് സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച 7.2 ശതമാനമാണ്. NREGA പോലുള്ള സുപ്രധാന പദ്ധതികൾക്കും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകൾക്കും വേണ്ടിയുള്ള പദ്ധതികൾക്കുമായി സർക്കാർ എന്ത് ചെയ്യുന്നു എന്നതും ശ്രദ്ധേയമായിരിക്കും.

SCROLL FOR NEXT