NEWSROOM

രാജ്യത്തിന് 'സ്വദേശി' നിയമ സംവിധാനം ലഭിച്ചു; പുതിയ ക്രിമിനല്‍ കോഡുകളെപ്പറ്റി അമിത് ഷാ

കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ കോഡുകളിലെ കേടുപാടുകള്‍ പരിഹരിച്ച് നീതിന്യായ സംവിധാനത്തിന് ഒരു ഇന്ത്യന്‍ ആത്മാവ് നല്കിയെന്നും ഷാ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളിലൂടെ നീതി ശിക്ഷയ്ക്ക് ബദലായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ക്രിമിനല്‍ നിയമ സംവിധാനത്തെ വിശകലനം ചെയ്യുന്നതിന് നേതൃത്വം കൊടുത്ത ഷാ, സ്വാതന്ത്ര്യം കിട്ടി 77 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തിന് 'സ്വദേശി' നിയമ സംവിധാനം ലഭിക്കുന്നതെന്ന് പറഞ്ഞു. കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ കോഡുകളിലെ കേടുപാടുകള്‍ പരിഹരിച്ച് നീതിന്യായ സംവിധാനത്തിന് ഒരു ഇന്ത്യന്‍ ആത്മാവ് നല്കിയെന്നും ഷാ പറഞ്ഞു.

"ഒരുപാട് വിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വകുപ്പുകള്‍ ഇതിലുണ്ട്. ബ്രിട്ടീഷ് കാലത്തെ സെക്ഷനുകള്‍ക്കു പകരം കാലിക പ്രസക്തിയുള്ള സെക്ഷനുകള്‍ കൊണ്ട് വന്നിട്ടുണ്ട്", കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അതിജീവിതയുടെ മൊഴി വീട്ടില്‍ വന്നു ശേഖരിക്കാനും ഓണ്‍ലൈന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുമുള്ള വ്യവസ്ഥ പുതിയ നിയമ സംഹിതയിലുണ്ടെന്ന് ഷാ കൂട്ടിച്ചേർത്തു.

"ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിയമങ്ങള്‍ ഇല്ലായിരുന്നു. ഇപ്പോള്‍ അത് നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഒരുപാട് കാലത്തെ ആവശ്യമായിരുന്നു അത്. രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി മാറ്റി പകരം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സെക്ഷന്‍ കൊണ്ട് വന്നിട്ടുണ്ട്. മുന്‍പ് സര്‍ക്കാരിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങള്‍ കുറ്റകരമായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഒരു നിയമമുണ്ട്", പുതിയ ക്രിമിനല്‍ കോഡുകളുടെ പ്രസക്തിയെപ്പറ്റി സംസാരിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു.

SCROLL FOR NEXT