NEWSROOM

മകൻ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം അന്ധരായ മാതാപിതാക്കൾ കഴിഞ്ഞത് നാല് ദിവസം

വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്

Author : ന്യൂസ് ഡെസ്ക്



മകൻ മരിച്ചുവെന്നറിയാതെ മൃതദേഹത്തിനൊപ്പം അന്ധരായ മാതാപിതാക്കൾ കഴിഞ്ഞത് നാല് ദിവസം. ഹൈദരാബാദിലെ ബ്ലൈൻഡ്‌സ് കോളനിയിലെ ദമ്പതികളാണ് 30 വയസ്സുള്ള മകൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്.

30-കാരനായ ഇളയ മകൻ പ്രമോദിനൊപ്പം വാടക വീട്ടിലാണ് റിട്ടേർഡ് സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും താമസിച്ചിരുന്നത്. പ്രമോദ് സ്ഥിര മദ്യപാനിയായിരുന്നതിനാൽ ഭാര്യയും രണ്ട് പെൺമക്കളും ഇയാളുടെ കൂടെയായിരുന്നില്ല താമസമെന്നും നാഗോൾ പൊലീസ് പറയുന്നു. രമണയ്ക്കും ശാന്തികുമാരിക്കും 60 വയസ്സിനു മുകളിൽ പ്രായമുണ്ട്. ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രമോദിനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും സ്റ്റേഷൻ ഹെഡ് ഓഫീസർ സൂര്യ നായക് വ്യക്തമാക്കി.

വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോൾ രമണയും ശാന്തികുമാരിയും അബോധാവസ്ഥയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നാലോ അഞ്ചോ ദിവസം മുൻപാകാം പ്രമോദ് മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സൂര്യ നായക് പറഞ്ഞു. വൃദ്ധ ദമ്പതികളെ മൂത്തമകൻ പ്രദീപിന്റെ സംരക്ഷണത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു.

SCROLL FOR NEXT