NEWSROOM

ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കും; പ്രത്യേക നിയമം പാസാക്കാന്‍ മമത സർക്കാർ

അടുത്ത ആഴ്ച നിയമസഭ വിളിക്കുമെന്നും പത്ത് ദിവസത്തിനകം ബില്‍ പാസാക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കാനുള്ള ആലോചനയില്‍ ബംഗാൾ സര്‍ക്കാര്‍. അടുത്ത ആഴ്ച നിയമസഭ വിളിക്കുമെന്നും പത്ത് ദിവസത്തിനകം ബില്‍ പാസാക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ബലാത്സംഗക്കൊലയിൽ ബന്ദ് നടത്തിയ ബിജെപി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

കൊൽക്കത്തയിൽ കഴിഞ്ഞദിവസം വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന ബിജെപി ആരോപണം മമത ബാനർജി തള്ളിക്കളഞ്ഞു. സമയോചിതമായ ഇടപെടല്‍ നടത്തിയതിന് പൊലീസിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ബിജെപി തെറ്റിധാരണ പരത്തുകയാണെന്നും മമത പ്രതികരിച്ചു.

ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കർശന വ്യവസ്ഥകൾ ഭാരതീയ ന്യായ സംഹിതയിൽ ഇല്ലെന്ന് മമത കുറ്റപ്പെടുത്തി. ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കും. ഇതിനായി അടുത്ത ആഴ്ച നിയമസഭ വിളിക്കും. പത്ത് ദിവസത്തിനകം ബില്‍ പാസാക്കും. ഗവർണർ എതിർത്താൽ രാജ്ഭവന് മുന്നിൽ കുത്തിയിരിക്കാനും മടിക്കില്ല - മമത ബാനര്‍ജി വ്യക്തമാക്കി.


ബിജെപി ബന്ദിനിടെ പൊലീസുമായി പലയിടത്തും സമരക്കാർ ഏറ്റുമുട്ടി. മുൻ എംപിമാരായ രൂപ ഗാംഗുലി, ലോക്കത് ചാറ്റർജി, രാജ്യസഭാ എം പി സമിക് ഭട്ടാചാര്യ, എംഎൽഎ അഗ്നിമിത്ര പോൾ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ റോഡ് ഉപരോധിച്ചതിന് പൊലീസ് തടഞ്ഞുവെച്ചു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുംദാർ ഉൾപ്പെടെയുള്ള നേതാക്കൾ കൊൽക്കത്ത പൊലീസിനെ വെല്ലുവിളിച്ച് ബാഗിയാട്ടിയിലെ വിഐപി റോഡിൽ റാലി നടത്തി. പ്രകടനം തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും നേതാക്കൾ മാർച്ച് തുടരുകയായിരുന്നു. ബന്ദ് തടയാനായി നൽകിയ പൊതു താല്പര്യ ഹർജി കൽക്കട്ട ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

SCROLL FOR NEXT