ഇടുക്കിയിൽ കാട്ടാനകൾ ഇനി റേഷൻ മുടക്കില്ലെന്ന ഉറപ്പുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. സഞ്ചരിക്കുന്ന റേഷൻ കടകൾ ആദിവാസി കുടുംബങ്ങളിൽ എത്തിക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. ജില്ലയിൽ നിലവിൽ രണ്ട് സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതോടെ മുറ്റത്ത് റേഷൻ ലഭ്യമായതിലുള്ള സന്തോഷത്തിലാണ് ഇടുക്കിയിലെ ഗോത്ര സമൂഹം.
അരിക്കൊമ്പൻ എന്ന കാട്ടാന റേഷൻ കടകൾക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നതായിരുന്നു പന്നിയാറിലെയും ആനയിറങ്കലിലെയും സ്ഥിരം വാർത്ത. ഓരോ തവണ ആന റേഷൻ കട തകർക്കുമ്പോഴും പ്രദേശത്ത് ദിവസങ്ങളോളം റേഷൻ മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. റേഷൻ ഇനി മുടങ്ങാതെ കുടികളിൽ എത്തുമെന്നാണ് മന്ത്രി ജി. ആർ. അനിലിന്റെ വാഗ്ദാനം. ആടുവിളന്താൻ കുടിയിലും ശങ്കരപാന്ധ്യൻ മേട്ടിലും ഉള്ളവർക്കായി സഞ്ചരിക്കുന്ന റേഷൻ കടയാണ് തയാറാക്കിയിട്ടുള്ളത്. ആടുവിളന്താൻകുടി നിവാസികളായ 50 കുടുംബങ്ങൾ 12 കിലോമീറ്റർ സഞ്ചരിച്ചാണ് പന്നിയാറിൽ എത്തി റേഷൻ വാങ്ങിയിരുന്നത്. കാട്ടാന അക്രമണത്തെ ഭയന്നാണ് റേഷൻ വാങ്ങാൻ പോകുന്ന ഓരോ യാത്രയും.
ശങ്കരപാന്ധ്യമേട്ടിൽ 52 കാർഡ് ഉടമകളുണ്ട്. മാസത്തിൽ രണ്ട് തവണ റേഷൻ ധ്യാന്യങ്ങളുമായി വാഹനം കുടികളിൽ എത്തുമെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വാഗ്ദാനം. ആന ശല്യം കൂടുതലുള്ള 301 കോളനി , പന്തടികളം, പച്ച പുൽതൊഴുകുടി, കോഴിപ്പന്ന കുടി എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്ന റേഷൻ കട വേണമെന്ന ആവിശ്യം ഉയർന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ മറ്റ് സമൂഹങ്ങൾക്ക് ഇടയിലും ഒരുപോലെ പ്രവർത്തിക്കണമെന്നും ആദിവാസി ഏകോപന സമിതി ആവശ്യപ്പെടുന്നു.