NEWSROOM

'ഹർജി തള്ളിയത് അന്യായം'; അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രീം കോടതി നടപടിക്കെതിരെ ഡി.കെ. ശിവകുമാർ

ഈ കേസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുപോകുന്നതെന്നും ബിജെപി സർക്കാരിൻ്റെ പകപ്പോക്കലാണിതെന്നും ശിവകുമാർ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

സിബിഐക്കെതിരായ ഹർജി തള്ളിയ സുപ്രീം കോടതി നടപടി അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെതിരെ സിബിഐ ഫയൽ ചെയ്ത എഫ്ഐആർ ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി തള്ളിയത്. ഇതൊരു തിരിച്ചടിയാണെന്നും അന്യായ നടപടിയാണെന്നും ശിവകുമാർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അപ്പീൽ നൽകുന്നതിനുള്ള എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ശിവകുമാർ വ്യക്തമാക്കി. ഈ കേസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുപോകുന്നതെന്നും ബിജെപി സർക്കാരിൻ്റെ പകപ്പോക്കലാണിതെന്നും നേതാവ് ആരോപിച്ചു.

കർണാടക സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കേസ് അന്വേഷിക്കാൻ സിബിഐക്ക് നൽകിയ അനുമതി പിൻവലിക്കുകയും ലോകായുക്തയ്ക്ക് കേസ് കൈമാറുകയും ചെയ്തിരുന്നു. എന്നിട്ടും സിബിഐ അന്വേഷണം തുടരുകയാണെന്നും ശിവകുമാർ വ്യക്തമാക്കി.

അതേസമയം ശിവകുമാറിൻ്റെ ഹർജിയിൽ കഴമ്പില്ലെന്നും കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ബേല ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 2013 നും 2018 നും ഇടയിൽ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ ആരോപിച്ചത്. ബിജെപിക്ക് മുമ്പുള്ള കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ശിവകുമാർ.

SCROLL FOR NEXT