NEWSROOM

മഞ്ഞുരുകുന്നു; അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി

ഇനിമുതൽ അർജുന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്




കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നൽകി. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. ഇനിമുതൽ അർജുന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പല കാര്യങ്ങളും പറഞ്ഞ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും തന്നെ വർഗീയ വാദിയാക്കി ചിത്രീകരിച്ചതിൽ വിഷമം ഉണ്ടെന്നും അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അർജുന്റെ കുടുംബത്തെ അധിക്ഷേപിച്ചെന്ന കേസിൽ തിങ്കളാഴ്ച മനാഫിന്റെ മൊഴി രേഖപ്പെടുത്തും. കേസിൽ കുടുംബങ്ങൾ തമ്മിൽ രമ്യതയിലായെങ്കിലും നിയമ നടപടികൾ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസിൽ മനാഫിനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് തുടരന്വേഷണത്തിന് ശേഷം തീരുമാനമെടുക്കും. നിലവിൽ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്ത്രീവിരുദ്ധ, വർഗീയ പരാമർശങ്ങൾ നടത്തിയ മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്.

SCROLL FOR NEXT