NEWSROOM

ഡോക്ടർക്ക് മതിയായ കൈക്കൂലി നൽകിയില്ല; ചികിത്സ നിഷേധിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് വീണാ ജോർജ്

രോഗിക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ സ്ത്രീയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഡോക്ടർക്ക് മതിയായ കൈക്കൂലി നൽകാത്തതിനാൽ ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം. രോഗിക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 17 ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിപ്പാട് സ്വദേശി അനിമോനാണ് ചികിത്സ നിഷേധിച്ചതായി ആരോപണം ഉയർത്തിയത്. ഇടതുകാലിൻ്റെ പാദം പഴുത്തതിനെത്തുടർന്ന് ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ട് സുനിലിനെയാണ് സമീപിച്ചത്. പിന്നാലെ ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു. ഇതിനായി 5000 രൂപ ആവശ്യപ്പട്ടെങ്കിലും 2000 രൂപയാണ് നൽകിയതെന്നും അനിമോൻ്റെ ഭാര്യ പറയുന്നു.

19 ന് ഉച്ചയോടെ ശസ്ത്രക്രിയ നടത്തി. എന്നാൽ അനസ്തേഷ്യ ചെയ്യുന്നതിനുള്ള രേഖകളിൽ ഒപ്പിടീപ്പിച്ചിട്ടും കാൽ മരവിപ്പിക്കാതെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് അനിമോൻ പറഞ്ഞു. ഡോക്ടർ ആവശ്യപ്പെട്ട തുക മുഴുവനും നൽകാത്തതിനെ തുടർന്നാണ് കാൽ മരവിപ്പിക്കാതെ ശസ്ത്രക്രിയ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

SCROLL FOR NEXT