NEWSROOM

മെഡിക്കൽ കോളേജിൽ പരിശോധന സാമ്പിളുകൾ നഷ്ടപ്പെട്ട കേസ്: ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരന് സസ്പെൻഷൻ

ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് സസ്‌പെൻ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധന സാമ്പിളുകൾ നഷ്ടപ്പെട്ട കേസിൽ ജീവനക്കാരന് സസ്‌പെൻഷൻ. ഹൗസ് കീപ്പിങ്ങ് വിഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് സസ്‌പെൻ്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് നടപടി. കുറച്ച് മണിക്കൂറുകൾക്ക് മുന്നേയാണ് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി പാത്തോളജി ലാബിൽ എത്തിച്ച സാമ്പിളുകൾ കാണാതായതായി പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരിസരത്ത് ഉണ്ടായ ഒരു ആക്രിക്കാരൻ സാമ്പിളുകൾ എടുത്ത് കൊണ്ട് പോയതായി കണ്ടെത്തുകയായിരുന്നു. പാഴ് വസ്തു എന്ന് കരുതിയാണ് എടുത്തതെന്നാണ് ആക്രിക്കാരൻ്റെ മൊഴി.



"സ്പെസ്മർ ഒന്നും മെഡിക്കൽ കോളേജ് ഓദ്യോഗികമായി സ്വീകരിച്ചിട്ടില്ല.ഒരു ഹൗസ് കീപ്പിങ് സ്റ്റാഫ് മുഖേന ഡിപ്പാർട്ട്‌മെൻ്റിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്",പാത്തോളജി വിഭാഗം എച്ച്ഒഡി ലൈല രാജീവ് പ്രതികരിച്ചു.സ്പെസിമൻസ് നശിച്ചിട്ടില്ലെന്നും, രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും, അവർ അറിയിച്ചു.



ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം, രോഗികളുടെ രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷണം പോയത്. ആബുലൻസ് ഡ്രൈവറും, ഒരു ആശുപത്രി ജീവനക്കാരനും ചേർന്നാണ് സാമ്പിളുകൾ കൊണ്ടുപോയിരുന്നത്. സാമ്പിളുകൾ ലാബിൻ്റെ സ്റ്റെയർകേസിന് സമീപത്ത് വച്ച ശേഷം ജീവനക്കാർ മടങ്ങി പോകുകയായിരുന്നു. പിന്നീട് വന്ന് നോക്കിയപ്പോഴാണ് അവയവങ്ങൾ കാണാതായ വിവരം അധികൃതർ അറിയുന്നത്. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സാമ്പിളുകൾ ആക്രിക്കടക്കാരനിൽ നിന്ന് പിടിച്ചെടുക്കുന്നത്.

SCROLL FOR NEXT