ഇക്കഴിഞ്ഞ വർഷങ്ങളിലെ പത്രങ്ങൾ പരിശോധിച്ചാൽ ചെറിയ മൂലയിലെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട വാർത്തയില്ലാതെ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമെ കടന്നു പോയിട്ടുള്ളൂ. ബോധവത്കരണവും നിരോധനവും വേണ്ടത്ര നടത്തിയിട്ടും മയക്കുമരുന്നെന്ന വില്ലന് തടയിടാൻ കേരളത്തിനും ഇന്ത്യക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ലഹരിക്കെതിരെ പോരാടാൻ ശക്തി നൽകികൊണ്ട് ഇന്ന് വീണ്ടുമൊരു ലഹരി വിരുദ്ധ ദിനം ആഘോഷിക്കപ്പെടുകയാണ്. മയക്കുമരുന്നിൻ്റെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെയുള്ള സന്ദേശം നൽകുകയാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ലക്ഷ്യം.
1987ലെ ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയിലാണ് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി അംഗീകരിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ഓർമ പുതുക്കൽ കൂടിയാണിത്. "തെളിവുകളെല്ലാം വ്യക്തമാണ്: പ്രതിരോധത്തിൽ ശ്രദ്ധചെലുത്തുക" (The evidence is clear: Invest in prevention) എന്നാണ് ഈ വർഷത്തെ ലഹരിവിരുദ്ധ സന്ദേശം.
ഐക്യരാഷ്ട്ര സംഘടനയുടെ പോയ വർഷത്തെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കറുപ്പ്(ഓപിയം) പിടികൂടിയ അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2020ൽ മാത്രം അഞ്ചേകാൽ ടൺ കറുപ്പാണ് ഇന്ത്യയിൽ നിന്നും പിടികൂടിയത്. ലോകത്തെ രണ്ടു പ്രധാന ലഹരി നിർമാണ മേഖലകളുടെ മധ്യത്തിൽ വരുന്ന ലഹരിക്കടത്തിന്‍റെ പ്രധാന ഇടത്താവളവും ഇന്ത്യയാണ്. ഇറാൻ-അഫ്ഗാനിസ്താൻ-പാകിസ്താൻ ബെൽറ്റും മ്യാൻമർ-തായ്ലൻഡ് ലാവോസ് ബെൽറ്റുമാണ് ലോകത്ത് ഏറ്റവും കൂടുതൽ ലഹരി ഉൽപാദിപ്പിക്കുന്ന മേഖലകൾ. കടൽമാർഗവും കരവഴിയും ഈ രണ്ടുകേന്ദ്രങ്ങളിൽ നിന്നും ലഹരി ഇന്ത്യയിൽ എത്തുന്നു. ഇവിടെയുള്ള ഉപയോഗത്തിനു മാത്രമല്ല വിദേശരാജ്യങ്ങളിലേക്കുള്ള കള്ളക്കടത്തും നടക്കുന്നത് ഇന്ത്യ വഴിയാണെന്നാണ് കണ്ടെത്തൽ.
രാജ്യത്ത് ഡാർക്നെറ്റ് വഴി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് വലിയ തോതിൽ ലഹരി വ്യാപാരം നടക്കുന്നു എന്നാണ് കേന്ദ്രസർക്കാർ പാർലമെൻ്റിനെ അറിയിച്ചത്. കറുപ്പ് അധിഷ്ടിതമായ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളതും ഇന്ത്യയിലാണെന്നാണ് യുഎൻ റിപ്പോർട്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ലഹരിവസ്തുക്കളോടുള്ള ആസക്തിയുടെ അപകടസാധ്യത ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാനും മയക്കുമരുന്ന് ഉപയോഗത്തിനും നിയമവിരുദ്ധമായ ഇടപാടുകൾക്കുമെതിരെ നടപടികൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. മയക്കുമരുന്നെന്ന ആഗോള പ്രശ്നത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു.
കേരളത്തിൻ്റെ കാര്യം പരിശോേധിക്കുകയാണെങ്കിൽ 2016 മുതൽ 2022 വരെ (നിലവിൽ എക്സൈസ് വകുപ്പിൻ്റെ സൈറ്റിൽ ലഭ്യമായിട്ടുള്ള ഡാറ്റ) നാർക്കോടിക്സ് നിയമപ്രകാരം അറസ്റ്റിലായവരുടെ എണ്ണത്തിൽ 87.47 ശതമാനം വർധനയുണ്ടായതായി കാണാം. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണത്തിൽ 104 ശതമാനം വളർച്ചയുണ്ടായി. എന്നിരുന്നാലും, റെയ്ഡുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതായത് കുറഞ്ഞ റെയ്ഡുകളിൽ നിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്.
കൊച്ചിയിൽ മാത്രം കഴിഞ്ഞവർഷം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7000-ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ലഹരി ഉപയോഗം നിയന്ത്രിക്കാനായി ധാരാളം പദ്ധതികൾ നിലവിലുണ്ട്. ഏറ്റവും അവസാനമെത്തിയ പദ്ധതിയാണ് പോളിസി ഫോർ പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്(പിഒഡിഎ) എന്ന പേരിൽ പുറത്തിറങ്ങിയ കരട് നയം. ഐടി കമ്പനികളിൽ ജോലിക്ക് കയറുന്നതിന് മുൻപായി താൻ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. തുടർന്നുണ്ടാവുന്ന മിന്നൽ പരിശോധനയിൽ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പണി പോവും. കൊച്ചി കേന്ദ്രീകരിച്ചാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിജയകരമായാൽ സംസ്ഥാനത്തുടനീളം നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
അതേസമയം ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ 26ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ നടക്കും. ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ ജൂൺ 26ന് ലഹരി വിരുദ്ധ പാർലമെൻറ് നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കേരളത്തില്‍ നാളെ ഡ്രൈ ഡേ ആചരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ബിവറേജ് കോര്‍പ്പറേഷൻ്റെ മദ്യവില്‍പ്പന ശാലകളും സ്വകാര്യ ബാറുകളും കണ്‍സ്യൂമര്‍ ഫെഡിൻ്റെ മദ്യവില്പന ശാലകള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.