മുംബൈ ട്രെയിൻ ആക്രമണ പരമ്പരയ്ക്ക് ഇന്നേക്ക് 18 വർഷം.189 പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ എണ്ണൂറിലധികം പേർക്കാണ് പരുക്കേറ്റത്. മഹാനാഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച പുറത്തുകൊണ്ടുവന്ന ആക്രമണമായിരുന്നു അത്.
2006 ജൂലൈ 11. തിക്കും തിരക്കുമാർന്ന മുംബൈ നഗരത്തിൽ സ്റ്റേഷനുകളിൽ നിന്നും സ്റ്റേഷനുകളിലേക്ക് ട്രെയിനുകൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. വൈകുന്നേരം 6:24ന് മുംബൈ നഗരത്തെ നിശ്ചലമാക്കി സബർബൻ റെയിൽവേയിലെ ഏഴ് ലൈനുകളിൽ ഒരേസമയം ബോംബ് പൊട്ടിത്തെറിച്ചു.
11 മിനിറ്റ് നീണ്ട സ്ഫോടന പരമ്പരയിൽ 189 പേരാണ് കൊല്ലപ്പെട്ടത്. 800-ലധികം പേർക്ക് പരുക്കേറ്റു. ഐഎസ്ഐയുടെ നേതൃത്വത്തിൽ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ-ഇ-തൊയ്ബയുടെയും നിരോധിത ഇന്ത്യൻ ഗ്രൂപ്പായ സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യയുടെയും പ്രവർത്തകരാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഏഴ് പ്രഷർ കുക്കറിലായി ബോംബുകളുമായെത്തിയ സംഘം മുംബൈ നഗരത്തെ മാത്രമല്ല രാജ്യത്തെ തന്നെ വിറപ്പിക്കുകയായിരുന്നു.
സംഭവത്തിൽ 12പേർ പ്രതികളാണെന്നു കണ്ടെത്തി. 200-ഓളം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി.കേസിൻ്റെ വിചാരണ എട്ട് വർഷത്തോളമാണ് നീണ്ടത്. 2015ൽ 12 പ്രതികളെയും അറസ്റ്റ് ചെയ്തു. ഇതിൽ ഏഴുപേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. അഞ്ച് പേർക്ക് വധശിക്ഷയും നൽകികൊണ്ടായിരുന്നു കോടതിയുടെ വിധി.