NEWSROOM

അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു

മോചനത്തിൽ ഇസ്രയേൽ ബന്ദി ഒമർ ഷേം ടോവ്, ഹമാസ് പ്രവർത്തകൻ്റെ നെറ്റിയിൽ ചുംബിച്ചതും അപൂർവ ദൃശ്യങ്ങളിലൊന്നായി.

Author : ന്യൂസ് ഡെസ്ക്

ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിലെ അവസാനത്തെ ബന്ദി കൈമാറ്റം പൂർത്തിയായി. ആറ് ബന്ദികളെയാണ് ഹമാസ് ഇന്ന് ഇസ്രയേലിന് കൈമാറിയത്. പകരം 620 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടുനൽകി. ജനുവരി 19ന് നിലവിൽ വന്ന ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടമാണ് ഇതോടെ പൂർത്തിയാകുന്നത്.


റഫയിൽ വെച്ചായിരുന്നു ഇന്ന് ആദ്യത്തെ ബന്ദി കൈമാറ്റം നടന്നത്. കിബ്ബട്സ് ബേരിയിൽ നിന്നും ബന്ദിയാക്കിയ 40കാരനായ ടാൽ ഷോഹം, 2014 മുതല്‍ ഹമാസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന വെരാ മെംഗിസ്തു എന്നിവരെയാണ് ഹമാസ് ആദ്യം മോചിപ്പിച്ചത്. ഇരുവരെയും റെഡ് ക്രോസിനും തുടർന്ന് ഇസ്രയേൽ സൈന്യത്തിനും കൈമാറുകയുമായിരുന്നു. മോചനത്തിൽ ഇസ്രയേൽ ബന്ദി ഒമർ ഷേം ടോവ്, ഹമാസ് പ്രവർത്തകൻ്റെ നെറ്റിയിൽ ചുംബിച്ചതും അപൂർവ ദൃശ്യങ്ങളിലൊന്നായി.

ഇന്ന് മോചിപ്പിക്കപ്പെട്ട ടാൽ ഷോഹത്തിൻ്റെ ഭാര്യ, രണ്ട് കുട്ടികൾ, ഭാര്യാ മാതാവ് എന്നിവരെയും കിബ്ബട്സ് ബേരിയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയിരുന്നു. എന്നാൽ ഇവരെ 2023 നവംബറിൽ ഹമാസ് മോചിപ്പിക്കുകയായിരുന്നു. അടുത്ത മണിക്കൂറുകളിൽ മൂന്ന് പേരെയാണ് ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. 27കാരനായ എലിയ കോഹൻ, 22 കാരനായ ഒമർ ഷെം ടോവ്, 23കാരനായ ഒമർ വെങ്കർട്ട് എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിൽ നിന്നാണ് മൂവരെയും ഹമാസ് ബന്ദിയാക്കിയത്.

തുടർന്ന് അടുത്ത മണിക്കൂറുകളിൽ 36കാരനായ ഹിഷാം അൽ സെയ്ദിനെ സൈനിക പരേഡുകളില്ലാതെ ഹമാസ് റെഡ്ക്രോസിന് കൈമാറി. സെയ്ദിൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ഹമാസിൻ്റെ ഈ തീരുമാനം. 2015 മുതല്‍ ഹമാസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന അറബ് ഇസ്രയേൽ പൗരനാണ് ഹിഷാം അൽ സെയ്ദ്. ആറ് ഇസ്രയേൽ പൗരന്മാർക്ക് പകരം 620 പലസ്തീൻ തടവുകാരെയും ഇസ്രയേലും മോചിപ്പിച്ചു.

ഒക്ടോബർ ഏഴിലെ ആക്രമണത്തിലൂടെ ഹമാസ് ബന്ദിയാക്കിയ 33 പേരെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 2000ത്തോളം പലസ്തീൻ തടവുകാരെയും കൈമാറുന്നതാണ് ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടം. കരാർ പ്രകാരം ഇതുവരെ നാല് പേരുടെ മൃതദേഹം ഉൾപ്പടെ 34 പേരെയാണ് ഹമാസ് മോചിപ്പിച്ചത്.1755 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

SCROLL FOR NEXT