NEWSROOM

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീർത്ഥാടനം; മക്കയിൽ നിന്നുള്ള ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി

കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്

Author : ന്യൂസ് ഡെസ്ക്

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. രണ്ടു വിമാനങ്ങളിലായി 327 പേരാണ് ആദ്യ ദിനത്തിൽ തീർത്ഥാടനം പൂർത്തിയാക്കി തിരികെ എത്തിയത്.

കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം തിരിച്ചെത്തിയതോടെ ആദ്യദിനം 327 ഹാജിമാരാണ് തീർത്ഥാടനം പൂർത്തിയാക്കി തിരികെ എത്തുന്നത്.

കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിൻ്റുകളിൽ നിന്നാണ് ഹാജിമാർ യാത്ര തിരിച്ചത്. ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിൻ്റിൽ നിന്നും യാത്ര തിരിച്ച ഹാജിമാരുടെ മടക്കയാത്രയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങൾ ജൂലായ് 10 ന് ആരംഭിക്കും. സൗദി എയർലൈൻസാണ് കൊച്ചിയിലും കണ്ണൂരിലും സർവ്വീസ് നടത്തുന്നത്. കൊച്ചിൻ എമ്പാർക്കേഷൻ പോയിൻ്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സർവ്വീസ് അന്നേ ദിവസം ഉച്ചക്ക് 12 നും വിമാനത്താവളത്തിലെത്തും. കോഴിക്കോടേക്ക് 64, കൊച്ചിയിലേക്ക് 16, കണ്ണൂരിലേക്കുള്ള 9 എന്നിങ്ങനെ ആകെ 89 സർവീസുകളാണ് കേരളത്തിലേക്കുള്ളത്.

SCROLL FOR NEXT