18-ാം ലോക്സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും. ഇന്നും നാളെയും ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ബുധനാഴ്ച പുതിയ ലോക്‌സഭാ സ്പീക്കര്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാര്‍, മറ്റു കേന്ദ്ര മന്ത്രിമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അക്ഷരമാലാ ക്രമത്തിലായിരിക്കും മറ്റു സംസ്ഥാനങ്ങില്‍ നിന്നുള്ള പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക.
ജൂണ്‍ 27 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിന് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിലെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കുന്നതോടെ ആദ്യ സമ്മേളനം അവസാനിക്കും.
പ്രോ-ടേം സ്പീക്കറായി ബി.ജെ.പിയുടെ ഭര്‍തൃഹരി മഹ്തബ് ഇന്നു രാവിലെ രാഷ്ട്രപതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് പതിനൊന്ന് മണിക്ക് ചേരുന്ന സഭയില്‍ മറ്റ് അംഗങ്ങളും പ്രോ-ടേം സ്പീക്കറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം പ്രോ-ടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസും പ്രതിപക്ഷവും നിസഹകരണത്തിനുള്ള നീക്കത്തിലാണ്. കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, സുദീപ് ബന്ദോപാധ്യായ എന്നിവര്‍ പ്രോ-ടേം സ്പീക്കറെ സഹായിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സൂചന.
തുടര്‍ച്ചയായ രണ്ടു തവണ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തവണ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു എന്നതാണ് 18 -ാം ലോക്‌സഭയെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ബി.ജെ.പിക്ക് ഇത്തവണ നേരിടേണ്ടി വന്നത്.