NEWSROOM

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ; നീറ്റ് വിഷയത്തിൽ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം

ഒൻപത് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ ഷെയർ മാർക്കറ്റ് കുംഭകോണം, നീറ്റ് ക്രമക്കേടുകൾ തുടങ്ങി വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം.

Author : ന്യൂസ് ഡെസ്ക്

പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാവും. ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെയാണ് സമ്മേളനം നടക്കുക. ഷെയർ മാർക്കറ്റ് കുംഭകോണം, നീറ്റ് ക്രമക്കേടുകൾ തുടങ്ങി വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. എൻഡിഎക്കെതിരെ നിരവധി വിമർശനങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ആദ്യ സമ്മേളനം പ്രക്ഷുബ്ധമായേക്കും.

ഒൻപത് ദിവസത്തെ പ്രത്യേക സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിൽ സ്പീക്കർ തെരഞ്ഞെടുപ്പ്, എംപിമാരുടെ സത്യപ്രതിജ്ഞ എന്നിവ നടക്കും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളുടെ രൂപരേഖ എൻഡിഎ അവതരിപ്പിച്ചേക്കും. 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. സീനിയോറിറ്റി മറികടന്ന് ഭർതൃഹരി മെഹ്‌താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ചതില്‍ പ്രതിപക്ഷം നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ചില്ലെങ്കില്‍ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.സമവായത്തിലൂടെ സ്പീക്കറെ തെരഞ്ഞെടുക്കുമെന്നാണ് സർക്കാരിൻ്റെ പക്ഷം.

ജൂൺ 27-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 17-ആം ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മൊഹുവ മൊയ്ത്രയുടെ തിരിച്ചുവരവിനും ഈ സമ്മേളനം സാക്ഷിയാകും. ഭരണം തുടങ്ങിയത് മുതൽ വിവാദമുനമ്പിലാണ് എൻഡിഎ സർക്കാർ. ഒൻപത് ദിവസത്തെ സമ്മേളനത്തിൽ പ്രതിപക്ഷവിമർശനങ്ങളെ നേരിടാൻ തയ്യാറായാവും മോദി സർക്കാരിൻ്റെ വരവ്.

SCROLL FOR NEXT