NEWSROOM

ഇടുക്കിയിലെ കാട്ടാന ആക്രമണം; മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനം വകുപ്പ്

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മുള്ളരിങ്ങാടിൽ നാളെ എൽഡിഎഫും യുഡിഎഫും നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തുക മരിച്ച മുള്ളരിങ്ങാട് അമേൽ തൊട്ടിയില്‍ അമർ ഇലാഹിയുടെ കുടുംബത്തിന് ഉടൻ കൈമാറുമെന്നും വനം മന്ത്രി അറിയിച്ചു.

ഇന്ന് വൈകീട്ടാണ് അമർ ഇലാഹി കാട്ടാനാക്രമണത്തിൽ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ഇയാളെ കാട്ടാന അക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മുള്ളരിങ്ങാടിൽ നാളെ എൽഡിഎഫും യുഡിഎഫും നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.



അതേസമയം മൃതദേഹത്തോട് അനാദരവ് കാണിക്കുന്നുന്നുവെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. മരിച്ച യുവാവിൻ്റെ പോസ്‌റ്റുമോർട്ടം നടക്കുന്ന തൊടുപുഴ ജില്ലാ ആശുപത്രിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധത്തിനിടെയായിരുന്നു എംപിയുടെ പ്രതികരണം. "ഇത്രത്തോളം നീതിരാഹിത്യം സമീപകാലത്ത് ഉണ്ടായിട്ടില്ല. മൃതദേഹത്തോട് അനാദരവ് കാട്ടുന്നു. കുടുംബത്തിൻ്റെ വികാരം പോലും പരിഗണിക്കുന്നില്ല. ഇടുക്കി ജില്ലയോട് നീതികേട് കാണിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ പോലും അയക്കുന്നില്ല",ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ഹർത്താൽ പ്രഖ്യാപിച്ച എൽഡിഎഫ് നേതാക്കളുടെ ലക്ഷ്യം എന്താണെന്നും എംപി ചോദ്യമുന്നയിച്ചു. പ്രതിഷേധത്തിനിടെ യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പിജെ ജോസഫ് എംഎൽഎ സ്ഥലത്തെത്തിയില്ലെന്ന് എൽഡിഎഫ് ആരോപിച്ചപ്പോൾ, മന്ത്രി റോഷി അഗസ്റ്റിൻ എവിടെ പോയെന്നായിരുന്നു യുഡിഎഫിൻ്റെ മറുചോദ്യം.



SCROLL FOR NEXT