ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ ജനസംഖ്യയുടെ 80 ശതമാനവും കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്രസമിതി. പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ആശങ്കാജനകമാണെന്നും, റഫ കവാടം അടിയന്തരമായി തുറക്കണമെന്നും ഗാസ കോർഡിനേറ്റർ യുഎന്‍ രക്ഷാസമിതിയെ അറിയിച്ചു.
തെക്കന്‍ ഗാസയില്‍, ഇസ്രയേല്‍ പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഗാസ പലായനത്തിന്‍റെ ആശങ്കയുണ്ടാക്കുന്ന കണക്കുകള്‍ പുറത്തു വന്നത്. ഗാസയിലെ യുഎൻ ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്ററായ സിഗ്രിഡ് കാഗ് രക്ഷാസമിതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, യുദ്ധബാധിത മേഖലകളില്‍ നിന്നായി ഇതിനകം തന്നെ 19 ലക്ഷം പേർ, അതായത് ജനസംഖ്യയുടെ 80 ശതമാനവും കുടിയിറക്കപ്പെട്ടു.
സെെനിക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഖാൻ യൂനിസിലെ ഇസ്രായേൽ സൈന്യത്തിന്‍റെ പുതിയ ഒഴിപ്പിക്കൽ ഉത്തരവ്, യുദ്ധസൂചനയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ഖാൻ യൂനിസില്‍ നിന്നും, സമീപ പ്രദേശങ്ങളായ അൽ-ഖരാറ, ബാനി സുഹൈല മേഖലകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന സെെനിക ഉത്തരവ് രണ്ടരക്കോടി ആളുകളെ ബാധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. ഖാൻ യൂനിസ്, റഫ മേഖലയിലെ 117 ചതുരശ്ര കിലോമീറ്റർ ഒഴിപ്പിക്കുന്നതിനുള്ള ഇസ്രയേല്‍ ഉത്തരവ്, ഗാസമുനമ്പിലെ മൂന്നിലൊന്ന് ജനസംഖ്യയെ ബാധിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസിൻ്റെ വക്താവ് അറിയിച്ചു.
അതേസമയം, യുദ്ധ ബാധിത പ്രദേശങ്ങളിലേക്ക് വേണ്ടത്ര സഹായം എത്തുന്നില്ലെന്നും വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാൻ റഫ കവാടം അടിയന്തരമായി തുറക്കണമെന്നും ഗാസ കോർഡിനേറ്റർ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. ഗാസയിലെ ദുരിതാശ്വാസപ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് കാഗ് അഭ്യർഥിച്ചിട്ടുണ്ട്.