NEWSROOM

കേരളത്തിൻ്റെ സമരതേജസ്; വി.എസ്. അച്യുതാനന്ദന് ഇന്ന് 101ആം പിറന്നാൾ

തോട്ടിൻ കരയ്ക്കപ്പുറത്തെ ചെറ്റപ്പുരയിൽ അമ്മ അക്കമ്മയെ വസൂരി രോഗം കൊണ്ടുപോകുന്നത് കണ്ടുനിന്ന് അനാഥമായ ബാല്യത്തിന്റെ കണ്ണീരുറഞ്ഞാണ് വി.എസിന്റെ ഉള്ളിലാദ്യം തീ പൊട്ടിയത്

Author : ന്യൂസ് ഡെസ്ക്

കേരളത്തിന്റെ സമരസൗന്ദര്യത്തിന് ഇന്ന് 101 വയസ്. ബ്രിട്ടീഷ് ഇന്ത്യയിലെ നാടുവാഴിത്ത വ്യവസ്ഥിതിയിൽ ജനിച്ച്, സ്വാതന്ത്ര്യത്തിനായി പോരടിച്ച്, കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത്, ജനായത്ത കേരളത്തിന്റെ മുഖ്യമന്ത്രിയായ വിഎസിന്റെ സമരജീവിതം നമ്മൾ നമ്മളായ ചരിത്രമാണ്. ഒരു നൂറ്റാണ്ടിന്റെ സമയരേഖയിൽ കൊടുങ്കാറ്റ് കൂടുകൂട്ടിയ ഒരു കാലത്തിന്, സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് പിറന്നാൾ.

തോട്ടിൻ കരയ്ക്കപ്പുറത്തെ ചെറ്റപ്പുരയിൽ അമ്മ അക്കമ്മയെ വസൂരി രോഗം കൊണ്ടുപോകുന്നത് കണ്ടുനിന്ന് അനാഥമായ ബാല്യത്തിന്റെ കണ്ണീരുറഞ്ഞാണ് വിഎസിന്റെ ഉള്ളിലാദ്യം തീ പൊട്ടിയത്. ജാതി മേലാളൻമാരുടെ മക്കൾ അപമാനിച്ചാൽ ഊരിത്തല്ലാൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്ത് പള്ളിക്കൂടത്തിലേക്കയച്ച അച്ഛൻ അയ്യൻ ശങ്കരനാണ് ആ നിഷേധിയെ രൂപപ്പെടുത്തിയത്. പഠിത്തം നിർത്തി പതിനാലാം വയസിൽ ആസ്പിൻ വാൾ ഫാക്ടറിയിൽ കയർ തൊഴിലാളിയായി ജോലി തുടങ്ങിയ ബാലനെ പ്രസ്ഥാനത്തിനായി കണ്ടെടുത്ത പി. കൃഷ്ണപിള്ളയാണ് മാർക്സിസത്തിന്റെ മാനവിക ചേതനയിലേക്ക് ജ്ഞാനസ്നാനം ചെയ്തത്.

കാലം 1946, ബ്രിട്ടീഷ് സാമ്രാജ്യത്തിനും ദിവാൻ സിപിക്കും എതിരായി, ഉത്തരവാദിത്ത ഭരണമാവശ്യപ്പെട്ട് പുന്നപ്ര, വയലാർ ദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സായുധ സമരത്തെ തുടർന്ന് ഒളിവിൽ പോയ വി.എസിനെ പൂഞ്ഞാറിൽ വച്ച് പൊലീസ് പിടികൂടി. പാർട്ടി രഹസ്യങ്ങളും ഇഎംഎസിന്റേയും കുന്തക്കാരൻ പത്രോസിന്റേയും ഒളിയിടവും ചോദിച്ച് മൃഗീയമായ പൊലീസ് ഭേദ്യം. ബോധം മറയുവോളം തല്ലി. ചൂരലിനടിച്ച് കാൽവെള്ള പൊട്ടിച്ചു. ബയണറ്റുകൊണ്ട് കാൽപ്പാദം കുത്തിത്തുളച്ചു. ഇടിമുറിയിൽ ചോര ചാലിട്ടൊഴുകി. മരിച്ചെന്നു കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകുമ്പോൾ ജീപ്പിലുണ്ടായിരുന്ന മോഷണക്കേസ് പ്രതി കോലപ്പനാണ് ചോരയിൽ നനഞ്ഞുകിടന്ന ശരീരത്തിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. മൃതപ്രായനായ വി.എസിനെ പാലാ ആശുപത്രിയിൽ കൊണ്ടിട്ട് പൊലീസ് പോയി. മുറിച്ചിട്ടാൽ മുറികൂടുന്ന വി.എസെന്ന പ്രതിഭാസം അവിടെത്തുടങ്ങുന്നു.


പിന്നെയും ഒളിവിടങ്ങൾ, പിന്നെയും തടവറകൾ, സമരമുഖങ്ങൾ, സംഘർഷങ്ങൾ. അവിഭക്ത പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നിങ്ങനെ സംഘടനാ ചുമതലകൾ വലുതായി. 57ൽ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരമേൽക്കുമ്പോൾ വി.എസ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒൻപത് പേരിലൊരാൾ. 64ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ ഒരാൾ. അതിലിനിയും ബാക്കി വി.എസ് മാത്രം.

പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കുന്നതും, വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുന്നതും പലകുറി കണ്ടു. ആശയ സമരങ്ങൾ, വിഭാഗീയത, അച്ചടക്ക നടപടികൾ.. ഒരു വിധം പറഞ്ഞാൽ പരാജയങ്ങളുടെ തുടർച്ചകളായിരുന്നു വിഎസിന്റെ സമരജീവിതം. പാർട്ടിയിലും പാർലമെന്ററി ജനാധിപത്യത്തിലും നിരന്തരം തോറ്റുകൊണ്ടിരുന്നു. 'പരാജയങ്ങൾ ഭക്ഷിച്ച മനുഷ്യൻ' എന്നാണ് എം.എൻ.വിജയൻ വിഎസിനെപ്പറ്റി പറഞ്ഞത്. പക്ഷേ ആശയദൃഢതയിൽ തോൽവികൾ വിജയങ്ങളായി.

ഭൂമിയുടെ ഇടതു രാഷ്ട്രീയം, വിയർപ്പൊഴുക്കുന്നവന്റെ വിമോചന രാഷ്ട്രീയം, സ്ത്രീപക്ഷ രാഷ്ട്രീയം നിരന്തരം പോർമുഖങ്ങൾ തുറന്ന വി.എസ് സമരകേരളത്തിന്റെ മനസാക്ഷിയായി. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മാത്രമല്ല മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും വി.എസ് വ്യവസ്ഥിതിയുടെ പ്രതിപക്ഷമായി, ഒരു നിതാന്ത സമരജീവിതം! പാർട്ടിക്കുള്ളിൽ പൊരുതുമ്പോഴും വി.എസ് വർഗശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് പ്രസ്ഥാനത്തെ പൊതിഞ്ഞുപിടിച്ച കൽക്കെട്ടായി. 'സമരം തന്നെ ജീവിതം' എന്നാണ് വി.എസിന്റെ ആത്മകഥയുടെ പേര്. അതിലുമേറെ സംക്ഷിപ്തമായെങ്ങനെ നൂറ്റാണ്ടു പിന്നിട്ട ആ മഹാജീവിതത്തെ ചുരുക്കിയെഴുതും?

2019ലെ പുന്നപ്ര വയലാർ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുത്ത് ആലപ്പുഴയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിടപ്പിലായത്. പിന്നെ പൊതുവേദികളിൽ വി.എസിന് എത്താനായില്ല, രാഷ്ട്രീയ പ്രതികരണങ്ങളുണ്ടായില്ല. തിരുവനന്തപുരത്തെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമാണ് വി.എസ്. വാർത്തകളെല്ലാം ചോദിച്ചറിയുന്നുണ്ടെന്നും, പത്രം വായിച്ചുകേൾപ്പിക്കാറുണ്ടെന്നും മകൻ അരുൺ കുമാർ പറയുന്നു.

കേരളം ചർച്ച ചെയ്യുന്ന സകല വിഷയവുമായും ചേർത്ത് നമ്മളോരോ ദിവസവും ആലോചിക്കുന്നു. വിഎസ് സജീവമായിരുന്നെങ്കിൽ എന്തു പറയുമായിരുന്നു..? എങ്ങനെ പ്രതികരിക്കുമായിരുന്നു..? എന്നാലും, നമുക്കൊപ്പം വിഎസ് ഇപ്പോഴും തുടരുന്നു എന്ന ചിന്ത തന്നെ സാമൂഹിക കേരളത്തിന് ഊർജ്ജമാണ്.


SCROLL FOR NEXT