ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ശിക്ഷ ഇളവിൽ ഉള്‍പ്പെടുത്തിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ എതിർപ്പുമായി അസോസിയേഷൻ. സംഭവത്തിൽ സർക്കാർ തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് സസ്പെന്‍ഷനിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിൻ്റെ ചുമതലയുള്ള ജോയിൻ്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കമുള്ളവർ പറയുന്നത്. അതേസമയം പരസ്യപ്രതികരണത്തിന് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്ത സംഭവത്തിലാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് നല്‍കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.