ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും രാജ്ഭവനില്‍ വിലക്കിയ നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വരേണ്ടതില്ലെന്നാണ് പറഞ്ഞതെന്നാണ് ഗവര്‍ണറുടെ പുതിയ നിലപാട്.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഇരുവര്‍ക്കും ഏതുസമയവും രാജ്ഭവനിലേക്ക് സ്വാഗതമെന്നും ഗവര്‍ണറുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും രാജ്ഭവനില്‍ പ്രവേശനമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞത്. നിരന്തരം വന്നുകൊണ്ടിരുന്നവര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. മുഖ്യമന്ത്രിക്ക് ചിലത് ഒളിച്ചു വെക്കാനുണ്ടെന്നും അതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വരുന്നത് തടഞ്ഞതെന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം.
ALSO READ: ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും ഇനി രാജ്ഭവനിൽ പ്രവേശനമില്ല ; സർക്കാരിൻ്റെ കത്ത് പരസ്യമാക്കി ഗവർണർ
ഗവര്‍ണറുടെ ആരോപണത്തിനു പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പ്രവേശനമില്ലെന്ന് പറയാന്‍ രാജ്ഭവന്‍ എന്താ അമ്പലമാണോ എന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണ്. ഗവര്‍ണറുടെ ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാകുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനും രംഗത്തെത്തി. കാലവധി കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെറും സ്റ്റെപ്പിനിയാണെന്ന് എ.കെ ബാലന്‍ പരിഹസിച്ചു.
ദി ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിനു പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വരുന്നത് തടഞ്ഞതെന്ന് ആരോപിച്ച ഗവര്‍ണര്‍, സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ച കത്തും പരസ്യമാക്കിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള നീക്കം ഗവര്‍ണറുടെ നീക്കം തെറ്റാണെന്നായിരുന്നു സര്‍ക്കാരിന്റെ നിരീക്ഷണം.