സുന്ദർ കഴിയുന്ന പട്ടിക്കൂട് 
NEWSROOM

500 രൂപ വാടകയ്ക്ക് അതിഥി തൊഴിലാളി കഴിയുന്നത് പട്ടിക്കൂട്ടിൽ; മാറ്റിപാർപ്പിക്കുമെന്ന് നഗരസഭ

വീട്ടുടമ പഴയ വീട് അതിഥിത്തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയിരിക്കുകകയാണെങ്കിലും അത്രയും തുക നൽകാൻ കഴിയാത്തതോടെയാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം പിറവത്ത് അതിഥി തൊഴിലാളി വാടകയ്ക്ക് കഴിയുന്നത് പഴയ പട്ടിക്കൂട്ടിലെന്ന് റിപ്പോർട്ട്. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മാസം 500 രൂപ വാടക നൽകി പട്ടിക്കൂട്ടിൽ കഴിയുന്നത്. നാട്ടുകാർ പൊലീസിലും നഗരസഭയെയും വിവരമറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. സുന്ദറിനെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ.

ഏകദേശം നാല് വർഷത്തിന് മുൻപാണ് ബംഗാൾ സ്വദേശി ശ്യാം സുന്ദര്‍ കേരളത്തിലെത്തിയത്. കയ്യില്‍ പണമൊന്നുമില്ലാതെ പിറവത്തെത്തിയ സുന്ദറിന് താമസ സൗകര്യം ലഭിച്ചില്ല. അങ്ങനെയാണ് തുച്ഛമായ വാടകയ്ക്ക് തൻ്റെ വീട്ടിലെ പഴയ പട്ടിക്കൂട് വീട്ടുടമ സുന്ദറിന് താമസിക്കാൻ നൽകിയത്.

പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥി തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. എന്നാൽ അത്രയും തുക വാടകയായി നൽകാൻ കഴിയാത്തതോടെയാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്. സുന്ദറിൻ്റെ പാചകവും കിടപ്പും എല്ലാം പട്ടിക്കൂടിനുള്ളിൽ തന്നെ. പഴയ പേപ്പർ കടലാസുകളും കാർഡ് ബോർഡ് കഷ്‌ണങ്ങളും വെച്ചാണ് ഇയാൾ മഴയെയും തണുപ്പിനെയും തടയുന്നത്.

അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും, തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപയ്ക്കും, 3000 രൂപയ്ക്കുമൊക്കെ താമസിക്കുന്നുണ്ടെന്നും വീട്ടുടമ പറഞ്ഞു. ധാരാളം ആളുകൾ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞില്ലെന്നുമാണ് ഉടമയുടെ വാദം. സംഭവം ശ്രദ്ധയിൽപെട്ട പൊലീസും, നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇയാളെ മാറ്റി പാർപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.

SCROLL FOR NEXT