രാഷ്ട്രപതി ഭവനിലെ സുപ്രധാന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഹാളുകൾ ഇനി പുതിയ പേരിൽ അറിയപ്പെടും. ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ് എന്നും, അശോക് ഹാൾ ഇനി അശോക് മണ്ഡപ് എന്നും അറിയപ്പെടും. രാഷ്ട്രപതി ഭവനിലെ ദേശീയ പുരസ്കാര വിതരണമടക്കമുള്ള ചടങ്ങുകളുടെ വേദിയായ ദർബാർ ഹാളിൻ്റെയും, ബാൾ റൂമായ അശോക് ഹാളിൻ്റെയും പേരാണ് മാറ്റുന്നത്.
ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും ഉദ്ദേശിക്കുന്ന 'ദർബാറി'ന് ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടതായി സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഇന്ത്യൻ സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതാണ് ഗണതന്ത്ര ആശയം, അതിനാൽ തന്നെ ഗണതന്ത്ര മണ്ഡപം എന്ന പേര് അനുയോജ്യമാണ്. അശോക് ഹാളിനെ 'അശോക് മണ്ഡപ്' ആയി പുനർനാമകരണം ചെയ്യുന്നത് ഭാഷയിൽ ഏകീകരണം കൊണ്ടുവരുന്നതിൻ്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും, ധാർമികതയും ഉയർത്തിപ്പിടിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനമെന്നും, ഭാഷാ ഏകീകരണമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ, രാഷ്ട്രത്തിൻ്റെ പ്രതീകവും ജനങ്ങളുടെ അമൂല്യമായ പൈതൃകവുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇതേക്കുറിച്ച് പ്രതികരിച്ചു. രാജ്യത്ത് ദർബാർ എന്ന ആശയം നിലനിൽക്കുന്നില്ലെന്നും എന്നാൽ ഷഹൻഷാ എന്ന ആശയം നിലനിൽക്കുന്നതായും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ വർഷം രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തെ, അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.