NEWSROOM

പൊന്നാനി സ്വദേശിനിയുടെ പീഡന പരാതി; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി റദ്ദാക്കി ഹൈക്കോടതി

ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്


പൊന്നാനി സ്വദേശിനിയുടെ ബലാത്സംഗ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ് പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി.

എസ് പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ ആരോപണം ഉന്നയിച്ചത്. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി പറയാന്‍ എത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. പരാതിയിൽ തുടർനടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയിൽ പത്ത് ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഇതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ധാക്കിയത്.

അതേസമയം, ആരോപണം നിഷേധിച്ച് മൂന്ന് ഉദ്യോഗസ്ഥരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്ന് നേരത്തേ കണ്ടെത്തിയതാണെന്നായിരുന്നു സുജിത് ദാസ് വ്യക്തമാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് തന്റെ ആഗ്രഹമെന്നും സുജിത് ദാസ് പറഞ്ഞിരുന്നു. മുട്ടില്‍ മരം മുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന കാരണം കൊണ്ടാണ് ഇപ്പോള്‍ ആരോപണം വന്നതെന്നാണ് ഡിവൈഎസ്പി ബെന്നി പ്രതികരിച്ചത്. ഒരു ചാനല്‍ പല വഴികളിലൂടെ നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്. നേരത്തെ മുതലേ ഈ ചാനല്‍ തന്റെ പിന്നാലെ നടന്നിട്ടുണ്ട്. ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു.

2022 ല്‍ ഓട്ടോറിക്ഷക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി എത്തിയപ്പോഴാണ് പരാതിക്കാരിയെ ആദ്യം കണ്ടതെനായിരുന്നു സിഐ വിനോദ് പറഞ്ഞത്. മുന്‍പ് പലര്‍ക്കെതിരെയും വ്യാജ പരാതി നല്‍കിയ ശേഷം സ്ത്രീ പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. തനിക്കെതിരെ പരാതിയുമായി ഡിവൈഎസ്പി ബെന്നിയെയും എസ്പി സുജിത് ദാസിനെയും സ്ത്രീ പരാതിയുമായി സമീപിച്ചിരുന്നു. വ്യാജാരോപണമാണെന്ന് കണ്ടെത്തിയതോടെ പരാതി ക്ലോസ് ചെയ്തിരുന്നുവെന്നുമാണ് സിഐ വിനോദ് പറഞ്ഞത്.

SCROLL FOR NEXT