മുൻ മന്ത്രി തോമസ് ഐസക്കിന് ഷേക്ക് ഹാന്‍ഡ് നല്‍കിയ മുസ്ലീം വിദ്യാര്‍ഥിനിയെ അപമാനിച്ച കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ഒരു മതവിശ്വാസവും ഭരണഘടനയട്ക്ക് മുകളിലല്ല. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം ചെയ്ത മുസ്ലീം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദിന്റെ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.
2017ൽ കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി വിദ്യാർത്ഥികൾ സംവാദം നടത്തിയിരുന്നു. പങ്കെടുത്തവർക്കുള്ള സമ്മാനം നൽകുന്നതിനിടെ,എൽ.എൽ.ബി വിദ്യാർഥിനിയ്ക്കടക്കം അദ്ദേഹം ഹസ്തദാനം നൽകി. വിദ്യാർഥിനി ഹസ്തദാനം ചെയ്ത ദൃശ്യമടക്കം ഹർജിക്കാരൻ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ശരീഅത്ത് നിയമം ലംഘിച്ചെന്നും വ്യഭിചരിച്ചെന്നും ആരോപിച്ചായിരുന്നു പ്രചരണം. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിലാണ് ഹർജിക്കാരനെതിരേ കുന്നമംഗലം പൊലീസ് കേസെടുത്തത്.
തനിക്കു നേരിട്ട മാനഹാനിക്കെതിരേ ധീരമായി പ്രതികരിച്ച പെൺകുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ടതുണ്ടെന്നും പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഹർജിക്കാരൻ ചെയ്ത കുറ്റങ്ങൾക്ക് തെളിവുണ്ടെങ്കിൽ വിഷയം ഗുരുതരമാണ്. ഇന്ത്യയിൽ ഇത് അനുവദിക്കാനാകില്ല. ഇവിടെ ഭരണഘടനയ്ക്കാണ് പരാമാധികാരം.മതവിശ്വാസ സ്വാതന്ത്ര്യത്തെപ്പറ്റി ഭരണഘടനയിൽ വിശദമാക്കുന്നുണ്ട്. മതവിശ്വാസം പ്രചരിപ്പിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ട്. എന്നാൽ അത് മറ്റുള്ളവരിൽ അടിച്ചേൽപിക്കാനാകില്ല. അതേ സന്ദേശം തന്നെയാണ് ഇസ്ലാമിലും ഉള്ളത്. മതാചാരങ്ങൾ പാലിക്കാൻ ആരേയും നിർബന്ധിക്കരുതെന്ന് ഖുറാൻ വചനങ്ങളിലും വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരേ ചുമത്തിയ രണ്ട് വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദം ഹർജിക്കാരന് വിചാരണക്കോടതിയിൽ ഉന്നയിക്കാം. നിരപരാധിയെങ്കിൽ തെളിയിക്കാമെന്നും കോടതി വ്യക്തമാക്കി.