കൊച്ചിയിലെ അനധികൃത ബോർഡുകൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലാണ് കോടതിയുടെ വിമർശനം. നിരവധി ആളുകളാണ് അനധികൃത ബോർഡുകൾ കാരണം മരണമടഞ്ഞിട്ടുള്ളത്. ബോർഡുകൾ നീക്കാത്ത പക്ഷം സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ALSO READ: മാധ്യമ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യമില്ല; പ്രത്യേക അവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളുടെ ബോർഡുകളും നഗരത്തിൽ നിരവധിയായി കാണപ്പെടുന്നുണ്ടെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ പോലും എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നതെന്നും കോടതി ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതുകൊണ്ടാണോ പേടിച്ചിരിക്കുന്നത്? പിഴയീടാക്കി നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ഓൺലൈനായി ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.
റോഡുകളുടെ ശോചനീയാവസ്ഥയിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തി എന്ന് കോടതി ചോദിച്ചു. റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേ. ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുകയെന്നതാണ് സാധാരണക്കാരന്റെ ചോദ്യം. ഏതൊരു ജീവനും മൂല്യമുള്ളതെന്നും ഹൈക്കോടതി. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ലെന്നും, എപ്പോൾ പുതിയൊരു കേരളം കാണാനാകുമെന്നും സർക്കാരിനോട് കോടതി ചോദിച്ചു.