NEWSROOM

കുക്കി, മെയ്തേയ് വിഭാഗങ്ങളുമായി ആഭ്യന്തരവകുപ്പ് ചർച്ച നടത്തും; മണിപ്പൂരിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്ന് അമിത് ഷാ

കുക്കി - മെയ്‌തേയ് സംഘർഷം അവസാനിപ്പിക്കാനായി കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത് ചർച്ച നടത്തുന്നത് ഇതാദ്യമാണ്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരിൽ വംശീയ സംഘര്‍ഷം അവസാനിപ്പിക്കാൻ കുക്കി– മെയ്തെയ് വിഭാഗക്കാരുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മണിപ്പൂരിലെ സാഹചര്യങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. മണിപ്പൂരിലെ സ്ഥിതിഗതികൾ സമഗ്രമായി അവലോകനം ചെയ്യുകയും കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ സേനയെ പ്രദേശത്തു വിന്യസിക്കുമെന്നും അമിത് ഷാ പറഞ്ഞു.

2023 മെയ് മൂന്നിന് തുടങ്ങിയ കുക്കി - മെയ്‌തേയ് സംഘർഷം അവസാനിപ്പിക്കാനായി കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത് ചർച്ച നടത്തുന്നത് ഇതാദ്യമാണ്. ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ വിമർശനത്തിന് പിന്നാലെയാണ് കേന്ദ്ര നീക്കമെന്നത് ശ്രദ്ധേയമാണ്. എന്നാൽ യോഗത്തിൽ നിന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ് വിട്ടുനിന്നു. സംസ്ഥാന ഉപദേഷ്ടാവ് കുൽദീപ് സിങ് , ചീഫ് സെക്രട്ടറി വിനീത് ജോഷി എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായത്.

SCROLL FOR NEXT