NEWSROOM

മെലിഞ്ഞുണങ്ങി, താങ്ങില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥ; ശനിയാഴ്ച നടന്ന ബന്ദി കൈമാറ്റം സൃഷ്ടിക്കുന്നത് വലിയ ആശങ്ക

ഗാസവെടിനിർത്തലിന്‍റെ ആദ്യഘട്ടത്തിലെ അഞ്ചാമത്തെ ബന്ദികെെമാറ്റമായിരുന്നു ശനിയാഴ്ച നടന്നത്

Author : ന്യൂസ് ഡെസ്ക്


വെടിനിർത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ബന്ദികളുടെ കൈമാറ്റം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മെലിഞ്ഞുണങ്ങിയും സഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് ഹമാസ് കെെമാറിയ മൂന്ന് ബന്ദികൾ. അവശേഷിക്കുന്ന ബന്ദികളുടെ സുരക്ഷയില്‍ മാത്രമല്ല ഗാസ വെടിനിർത്തല്‍ കരാറിന്‍റെ ഭാവിയെ തന്നെയാണ് ഇത് ആശങ്കയിലാക്കുന്നത്.

മോചനത്തിനു മുന്‍പ് ദെയ്ർ അൽ-ബലാഹിലൊരുക്കിയ വേദിയില്‍ മൂന്ന് ബന്ദികളെയും ഹമാസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും അടുത്തേക്ക് മടങ്ങാനാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് 52കാരനായ എലി ഷരാബി വേദിയില്‍ വെച്ച് പറഞ്ഞത്. എന്നാൽ ഭാര്യ ലിയാനയും 16, 13 വയസുള്ള രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട വിവരം ഷരാബിക്ക് അറിയില്ലായിരുന്നു. ഷരാബിയുടെ സഹോദരന്‍ യോസിയും ബന്ദികളിൽ ഒരാളായിരുന്നു. തടവിലിരിക്കെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച യോസിയുടെ മൃതദേഹം ഇപ്പോഴും ഹമാസിന്‍റെ കെെവശമാണുള്ളത്.

ഓർ ലെവി എന്ന 34കാരനായ ബന്ദിക്കും, ഭാര്യ ഈനവിനെ 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തില്‍ നഷ്ടമായിരുന്നു. നോവ മ്യൂസിക് ഫെസ്റ്റിനായി ഒന്നിച്ചുപോയ ഇരുവരും പിന്നീട് മടങ്ങിയില്ല. ഈനവിന്‍റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ ബോംബ് ഷെൽട്ടറിൽ നിന്ന് ഐഡിഎഫ് കണ്ടെത്തി. ഇരുവരുടെയും മൂന്നു വയസുകാരനായ മകൻ അൽമോഗ് ഇക്കാലമത്രയും അച്ഛനെ കാത്തിരിക്കുകയായിരുന്നു.

ഒപ്പം മോചിപ്പിക്കപ്പെട്ട 57കാരനായ ഒഹാദ് ബെൻ അമിയും അവശനായിരുന്നു. ഇസ്രയേൽ-ജർമൻ ഇരട്ട പൗരത്വമുള്ള ബെന്നിനെ സായുധസംഘം വലിച്ചിഴച്ചു കൊണ്ടുപോകുന്നതായിരുന്നു ബന്ദികളുടേതായി ആദ്യമായി പുറത്തുവന്ന ദൃശ്യങ്ങളിലൊന്ന്. ബെന്നിന്‍റെ ഭാര്യ റാസ് ബെൻ അമിയെയും ബന്ദിയാക്കിയെങ്കിലും, 2023 നവംബറിലെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൻ്റെ ഭാഗമായി വിട്ടയച്ചു.

ഗാസ വെടിനിർത്തലിന്‍റെ ആദ്യഘട്ടത്തിലെ അഞ്ചാമത്തെ ബന്ദി കെെമാറ്റമായിരുന്നു ശനിയാഴ്ച നടന്നത്. എന്നാല്‍ ഇതിനുമുന്‍പ് മോചിപ്പിക്കപ്പെട്ട 18 പേരില്‍ നിന്നും, മോശം നിലയിലാണ് അവസാന സംഘം മടങ്ങിയെത്തിയത്. കണ്ണുകള്‍ കുഴിഞ്ഞ് വിളർച്ച ബാധിച്ചവർ, നടക്കാന്‍ പോലും കഴിയാത്ത നിലയില്‍ ദുർബലരായി കാണപ്പെട്ടു. പതിവുപോലെ, ആരവത്തോടെ മോചനദൃശ്യങ്ങള്‍ കാത്തിരുന്ന ഇസ്രയേലിലെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആ ദൃശ്യങ്ങള്‍ നിശബ്ദരാക്കി. 491 ദിവസത്തെ തടവിന് ശേഷം നാസികളുടെ കോണ്‍സെന്‍ട്രേഷൻ ക്യാമ്പിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരുടേതിന് സമാനമായ അവസ്ഥയിലായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

ബന്ദികളുടെ അവസ്ഥയ്ക്ക് തക്കതായ നടപടിയുണ്ടാകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദൃശ്യങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ബന്ദികളുടെ കുടുംബാംഗങ്ങളുടെ ഫോറം ആവശ്യപ്പെടുന്നത് അവശേഷിക്കുന്നവരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാണ്. അതിന് വെടിനിർത്തലിന്‍റെ രണ്ടാംഘട്ടം സംബന്ധിച്ച് അടിയന്തര തീരുമാനമുണ്ടാകണം എന്നും അവർ ആവശ്യപ്പെട്ടു.

SCROLL FOR NEXT