NEWSROOM

പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; ബലൂച് ഭീകരർ ബന്ദികളാക്കിയവരിൽ നിരവധി പേരെ മോചിപ്പിച്ചു

2000 മുതൽ അഫ്​ഗാനിസ്ഥാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആ‍ർമി

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനിൽ ട്രെയിൻ ആക്രമിച്ച് ബലൂച് ലിബറേഷൻ ആ‍ർമി (ബലൂച് ലിബറേഷൻ ആർമി) ബന്ധികളാക്കിയവരിൽ നിരവധി പേരെ മോചിപ്പിച്ചു. 11 കുട്ടികളും 26 സ്ത്രീകളും 43 പുരുഷൻമാരുമടക്കം നിരവധി പേരാണ് മോചിപ്പിക്കപ്പെട്ടവരിൽ ഉള്ളത്. ജാഫർ എക്‌സ്പ്രസ് ട്രെയിനായിരുന്നു ആക്രമിക്കപ്പെട്ടത്. ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 180 ഓളം യാത്രക്കാരെയാണ് ബന്ദികളാക്കിയത്. പാകിസ്ഥാനിലെ ബോലാനിലായിരുന്നു സംഭവം. ഇതിനുപിന്നാലെ സൈനിക ഇടപെടൽ തുടർന്നാൽ, എല്ലാ ബന്ദികളെയും വധിക്കുമെന്നും ട്രെയിൻ പൂർണമായും നശിപ്പിക്കുമെന്നും ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. 



പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസിൽ ഒമ്പത് ബോഗികളിലായി 400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിനിന് നേരെ വെടിവെപ്പ് നടന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.  350 ഓളം യാത്രക്കാർ സുരക്ഷിതരാണെന്നും, 35 യാത്രക്കാരെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് സൂചനയെന്നും പ്രാദേശിക പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ബന്ദികളിൽ പാകിസ്ഥാൻ മിലിട്ടറി, ആൻ്റി ടെററിസം ഫോഴ്സ് (എടിഎഫ്), ഇൻ്റർ സർവീസ് ഇൻ്റലിജൻസ് (ഐഎസ്ഐ) ഉദ്യോ​ഗസ്ഥരുമുണ്ട്. ആക്രമണത്തിനിടയിൽ സ്ത്രീകൾ, കുട്ടികൾ, ബലൂച് സ്വദേശികൾ എന്നിവരെ വിട്ടയച്ചതായും ബിഎൽഎ പറയുന്നു.  ബിഎൽഎയുടെ ഫിദായീൻ യൂണിറ്റായ മജീദ് ബ്രി​ഗേഡാണ് ട്രെയിൻ അട്ടിമറി നടത്തിയത്. ബിഎൽഎയുടെ ഇന്റലിജൻസ് വിങ്ങായ സിറാബ്, ഫതേ സ്ക്വാഡ് എന്നിവയുടെ പിന്തുണ ആക്രമണത്തിന് ലഭിച്ചതായും പ്രസ്താവനയിൽ പറയുന്നു. 2000 മുതൽ അഫ്​ഗാനിസ്ഥാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആ‍ർമി. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവർത്തിക്കുന്നത്.

SCROLL FOR NEXT