NEWSROOM

എം.എം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് നീട്ടി

മൃതദേഹം വിദ്യാർഥികളുടെ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം താൽക്കാലികമായി തടഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി. മൃതദേഹം പള്ളിയിൽ സംസ്കരിക്കാനായി വിട്ടു നൽകണമെന്നാവശ്യപ്പെടുന്ന മകൾ ആശയുടെ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ മറ്റു മക്കളായ എം.എൽ. സജീവൻ, സുജാത ബോബൻ എന്നിവർക്കും സർക്കാറിനും കോടതി നിർദേശം നൽകി. മൃതദേഹം വിദ്യാർഥികളുടെ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം താൽക്കാലികമായി തടഞ്ഞിരുന്നു.


മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്നാണ് പിതാവിന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയാണ് മക്കളായ എം.എൽ.സജീവനും സുജാതയും ഈ തീരുമാനമെടുത്തത്. എന്നാൽ, ഇത്തരമൊരു ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഹർജിക്കാരിയുടെ വാദം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറുന്നതിൽ എതിർപ്പുമായി ലോറൻസിൻ്റെ മകളായ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിതാവിൻ്റെ  മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെയാണ് ഹർജി സമർപ്പിച്ചത്. മൃതദേഹം ക്രിസ്ത്യന്‍ മതാചാരത്തോടുകൂടി സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് മകള്‍ ആശ നൽകിയ ഹര്‍ജിയെ തുടർന്ന് നടപടിക്രമങ്ങൾ നിര്‍ത്തിവെച്ചിരുന്നു.

മക്കളുടെ അനുമതി പരിശോധിച്ച ശേഷം മെഡിക്കല്‍ കോളേജിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എം.എം.ലോറന്‍സിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതുമായി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അഡ്‌വൈസറി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറണമെന്ന തീരുമാനം പുറത്തു വിട്ടിരുന്നു. 

SCROLL FOR NEXT