NEWSROOM

അന്വേഷണ ഉദ്യോഗസ്ഥർ മോശമായി പെരുമാറി; ആരോപണവുമായി ലഹരിക്കേസ് പ്രതി

അറസ്റ്റിലായത് മുതൽ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും എറണാകുളം സ്വദേശിനിയായ പെൺകുട്ടി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്നും പരാതി

Author : ന്യൂസ് ഡെസ്ക്

ലഹരിക്കേസിൽ പിടിയിലായ യുവതിയോട് അന്വേഷണ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് പരാതി. തൃക്കാക്കര പൊലീസും യോദ്ധാവ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുൾപ്പെടെ ഏഴുപേരെ ലഹരിക്കേസിൽ പിടികൂടിയത്. അറസ്റ്റിലായത് മുതൽ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും എറണാകുളം സ്വദേശിനിയായ പെൺകുട്ടി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്നും പരാതി.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു പരാതിക്കാരിയായ പെൺകുട്ടി. തുടർ പഠനത്തിനാവശ്യമായ പണച്ചെലവുകൾ പാർട്ട് ടൈം ജോലി ചെയ്തും മറ്റുമാണ് കണ്ടെത്തിയിരുന്നത്. ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ പ്രയാസം നേരിട്ടപ്പോഴാണ് സുഹൃത്തായ അനസിന്‍റെ ഫ്ലാറ്റിലേക്ക് പെൺകുട്ടി താമസം മാറിയത്. ഈ ഫ്ലാറ്റിലാണ് കഴിഞ്ഞ മാസം പത്തിന് തൃക്കാക്കര പൊലീസും യോദ്ധാവ് സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരിവസ്തുക്കൾ കൈവശം വെച്ചതിനു ഏഴംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധന സമയത്ത് വനിതാ പൊലീസിന്‍റെ സാന്നിധ്യമില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. പരിശോധന ചിത്രീകരിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.

സിറ്റി പൊലീസ് കമ്മീഷണർക്ക് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതി പ്രകാരം, കസ്റ്റഡിയിലെടുത്ത ശേഷവും പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നാണ് ആരോപണം. പതിനൊന്നാം തിയതി കളമശേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ രഹസ്യമായി 10 മിനിറ്റ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അനുവദിച്ചില്ല.

ജയിലിലെത്തിച്ച ശേഷവും പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലുള്ളത്. ആർത്തവ സമയത്ത് അണുബാധ ഉണ്ടായപ്പോൾ പോലും മാനുഷിക പരിഗണന കാണിക്കാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നും യുവതി ആരോപിക്കുന്നു.

പെൺകുട്ടിയെ അറസ്റ്റ് ചെയ്യാനിടയായ ലഹരിക്കേസ് തന്നെ വ്യാജമാണെന്നും കുടുബം ആക്ഷേപിക്കുന്നുണ്ട്. അടുത്ത മാസം 8ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

SCROLL FOR NEXT