ഇടതു പക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച് പ്രവർത്തിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇ.പി ജയരാജന്‍ കൺവീനർ സ്ഥാനം ഒഴിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ടി.പി. രാമകൃഷ്ണൻ ചുമതലയേറ്റത്. ഏതെങ്കിലും ഘടക കക്ഷികൾക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും സർക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
സിനിമ മേഖലയിലുള്ളവർ ആവശ്യപ്പെട്ടാൽ ട്രേഡ് യൂണിയൻ ഉണ്ടാക്കും. ആർജെഡിയെ അവഗണിച്ചിട്ടില്ലെന്നും കൺവീനർ എന്ന നിലയിൽ ആ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ബിജെപി ബന്ധ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇ.പി ജയരാജനെ കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത്. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്റെ സാന്നിധ്യത്തിൽ വേണ്ടെന്ന് കൂടി കരുതിയാകണം ഇ.പി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയതെന്നാണ് സൂചന.
ഇ.പി. ജയരാജനെതിരായ നടപടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. ബിജെപിയുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്നതുൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയായെന്നാണ് സതീശൻ പറഞ്ഞത്. പോയ വഴിക്ക് വീട്ടിൽ കയറിയതാണെന്നാണ് ഇ.പി. അന്ന് പറഞ്ഞിരുന്നത്. ഇത്തരത്തിൽ ഇവരാരും ഞങ്ങളുടെ വീട്ടിൽ കയറിയില്ലല്ലോയെന്നും വി.ഡി. സതീശൻ ചോദിച്ചു.